സര്‍ക്കാര്‍ ഓഫിസുകളില്‍ എത്തുന്നവരെ മേലോട്ടും താഴോട്ടും തട്ടുന്ന രീതി അനുവദിക്കില്ല: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Update: 2022-03-06 01:06 GMT

തൃശൂര്‍: വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്നവരെ ചെറിയ കാരണങ്ങള്‍ പറഞ്ഞ് മേലോട്ടും താഴോട്ടും തട്ടുന്ന രീതി പൂര്‍ണമായും നിര്‍ത്തണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. അപേക്ഷ നിയമവിധേയമല്ല, മുഴുവന്‍ രേഖകളുമില്ല, മാറ്റങ്ങള്‍ വേണം എന്നീ കാര്യങ്ങള്‍ പറഞ്ഞ് ഇനി മടക്കാന്‍ പാടില്ലെന്നും ആവശ്യക്കാരെ നേരിട്ട് കണ്ട് അവ തിരുത്തി നല്‍കണമെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ പരാതികള്‍ വന്നാല്‍ കര്‍ശന നടപടി ഉണ്ടാകും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളുടെ ദാസന്മാരാണ്. പൗരന്മാരാണ് യഥാര്‍ത്ഥ വക്താക്കളെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയം ഭരണ വകുപ്പിലെ വിവിധ പദ്ധതികളുടെ നിര്‍വഹണം ത്വരിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നടന്ന ജില്ലാതല അവലോകന യോഗം നവകേരള തദ്ദേശകം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിലൂടെ നവകേരള കര്‍മ്മപദ്ധതിയെ ത്വരിതപ്പെടുത്താനും കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയ സജീവമാക്കാനും സാധിക്കും. എന്നും പുതിയ കാഴ്ചപ്പാടോടെ നവകേരള സൃഷ്ടിക്കായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. തൊഴിലില്ലായ്മ പരിഹരിക്കല്‍, ശുചിത്വ കേരളം, ലൈഫ് മിഷന്‍, അതിദാരിദ്ര സര്‍വ്വേ, വാതില്‍പ്പടി സേവനം, ടൂറിസം, കായിക മേഖല എന്നിവ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടു പോകണം. ആയിരത്തില്‍ അഞ്ച് പേര്‍ക്ക് എന്ന രീതിയില്‍ തൊഴില്‍ നല്‍കാന്‍ കഴിയണം.

ലോകത്തെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ ശുചിത്വം അനിവാര്യമാണ്. അമൃത് ഒന്ന് പദ്ധതിയുടെ ഭാഗമായി തൃശൂരില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടപ്പിലാക്കണം. തിരുവനന്തപുരത്തെ സ്വീവേജ് പദ്ധതി അദ്ദേഹം മാതൃകയായി വിശദീകരിച്ചു.

ലൈഫ് മിഷന്‍ പദ്ധതിയില്‍ ഇനിയും കൂടുതല്‍ പേര്‍ക്ക് വീടുകള്‍ നല്‍കേണ്ടതുണ്ട്. രണ്ടര ലക്ഷം ഭൂരഹിത ഭവനരഹിതര്‍ കേരളത്തിലുണ്ട്. ഇവര്‍ക്ക് ഭൂമി കണ്ടെത്തി നല്‍കാനായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച 'മനസോടിത്തിരി മണ്ണ്' പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ അടുത്ത വ്യവസായം ടൂറിസമാണ്. തദ്ദേശസ്ഥാപനങ്ങള്‍ ടൂറിസം വകുപ്പുമായി ഒരുമിച്ച് നിന്നുകൊണ്ട് ടൂറിസം വികസനം നടപ്പിലാക്കണമെന്നും മന്ത്രി അറിയിച്ചു. കേരളത്തില്‍ കായികക്ഷമത വര്‍ധിപ്പിക്കേണ്ടതുണ്ട്. കായികമേഖല ശക്തിപ്പെടുത്തണം.

ഓരോ പഞ്ചായത്തിലും ഓരോ ഗ്രൗണ്ട് വേണം. നവകേരളം രൂപപ്പെടുമ്പോള്‍ ഹാപ്പിനെസ് ഇന്‍ഡെക്‌സിന് വലിയ പ്രാധാന്യമുണ്ട്. നിലവില്‍ ഇന്ത്യ ഈ രീതിയില്‍ വളരെ പുറകിലാണ്. തൊഴിലില്ലായ്മ കുറച്ച് ഉല്‍പാദന ക്ഷമത വര്‍ധിപ്പിച്ചാല്‍ ഇന്ത്യയ്ക്ക് തന്നെ മാതൃകയാകുന്ന വികസിത സംസ്ഥാനമായി കേരളത്തെ രൂപപ്പെടുത്താനാകും. നവകേരള നിര്‍മിതിക്കായി എല്ലാവരും ഒറ്റക്കെട്ടായി ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകണമെന്നും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ അതി ദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ പ്രോസസ് ഡോക്യുമെന്റ്, പഞ്ചായത്ത് ജീവനക്കാരുടെ സംസ്ഥാന തല ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ലോഗോ എന്നിവ മന്ത്രി പ്രകാശനം ചെയ്തു.

തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മേയര്‍ എം കെ വര്‍ഗീസ്, തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടര്‍ (റൂറല്‍) എച്ച് ദിനേശന്‍, സ്‌പെഷ്യല്‍ സെക്രട്ടറി

കണ്ണന്‍ ആര്‍ എസ്, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ബെന്നി ജോസഫ്,

കില ഡയറക്ടര്‍ ജനറല്‍ ജോയ് ഇളമണ്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍, മുന്‍സിപ്പല്‍ ചേമ്പര്‍ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.