ജനപങ്കാളിത്തത്തോടെ പരിഹാരം കാണാനാവുമ്പോഴാണ് നാടിന്റെ വികസന യജ്ഞം യാഥാര്‍ത്ഥ്യമാവുന്നത്: മന്ത്രി എ കെ ശശീന്ദ്രന്‍

Update: 2022-03-02 03:43 GMT

കോഴിക്കോട്: ജനങ്ങളുടെ പങ്കാളിത്തത്തോടെ പരിഹാരം കാണാനാവുമ്പോഴാണ് നാടിന്റെ വികസന യജ്ഞം യാഥാര്‍ത്ഥ്യമാവുന്നതെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. കുരുവട്ടൂര്‍ പഞ്ചായത്തിലെ കുറ്റിയാട്ടു താഴംപറമ്പില്‍ ഹൈസ്‌കൂള്‍ റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നാടിന്റെ വികസന പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ കക്ഷിരാഷ്ട്രീയഭേദമന്യേ സഹകരിക്കുന്നുണ്ട്. ഓരോ പ്രദേശത്തിന്റെയും പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരം കാണാനാവുമ്പോഴേ നാടിന്റെ വികസന യജ്ഞത്തില്‍ ജനങ്ങളെ പങ്കാളികളാക്കാന്‍ സാധിക്കൂ. അത്തരം വികസന പ്രവര്‍ത്തനമാണ് നാം സ്വീകരിക്കുന്നത്. റോഡിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് എം.എല്‍.എ ഫണ്ടില്‍ നിന്നും പത്ത് ലക്ഷം രൂപ അനുവദിക്കുന്നതായും കുറ്റിയാട്ടുതാഴം പരിസരത്ത് നടന്ന ചടങ്ങില്‍ മന്ത്രി പറഞ്ഞു.

പഞ്ചായത്ത് ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചെലവിലാണ് റോഡ് നിര്‍മ്മിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരിത കുന്നത്ത് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചേയര്‍പേഴ്‌സണ്‍ സിന്ധു പ്രദോഷ്, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ സോമനാഥന്‍,

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജയപ്രകാശന്‍, വാര്‍ഡ് മെമ്പര്‍മാരായ സുധീഷ് പി, ഇ .രാമന്‍, സുര്‍ജിത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.