ചിറങ്ങര നീരോളി പാടം മണ്ണിട്ടു നികത്തല്‍; സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ മന്ത്രി കെ രാജന്‍

Update: 2022-02-23 17:37 GMT

തൃശൂര്‍: ദേശീയപാത ചിറങ്ങരയ്ക്ക് സമീപമുള്ള നീരോളി പാട ശേഖരം മണ്ണിട്ടു നികത്തുന്നതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണത്തിന് റവന്യൂ മന്ത്രി കെ രാജന്‍ ഉത്തരവിട്ടു. മണ്ണിട്ടു നികത്തിയ നടപടി ക്രമവിരുദ്ധമാണെന്ന് പ്രാഥമികമായി മനസിലാക്കാന്‍ കഴിഞ്ഞ സാഹചര്യത്തിലാണ് നടപടി. തൃശൂര്‍ എല്‍ആര്‍ ഡെപ്യൂട്ടി കലക്ടറെ പ്രാഥമിക അന്വേഷണത്തിന് ചുമതലപ്പെടുത്തുകയും ഒരാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും റവന്യൂ മന്ത്രി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടികളും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഭൂമി ഡേറ്റാ ബാങ്കില്‍ നിന്നും ഒഴിവാക്കുന്നതിന് കൃഷി ഓഫീസറുടെ റിപ്പോര്‍ട്ടോ എല്‍ എല്‍ എം സിയുടെ അനുമതിയോ ഇല്ലാതെയാണ് ഈ നടപടിയെന്നും പ്രാഥമികമായി മനസിലായതായി മന്ത്രി പറഞ്ഞു.

കൊരട്ടി ചിറങ്ങരയില്‍ കൃഷിക്കനുയോജ്യമായ ഏക്കറുകണക്കിന് പാടശേഖരം വ്യാപകമായി നികത്തുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. പാടം നികത്തലിനെതിരെ റവന്യൂ മന്ത്രി, കൃഷി വകുപ്പ് മന്ത്രി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പാലിക്കാതെയാണ് പാടം നികത്തുന്നത് എന്നും നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റവന്യൂ മന്ത്രിയുടെ ഇടപെടല്‍.