എഐഎസ്എഫ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച് എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ: പോലിസിന്റേത് ഏകപക്ഷീയ നിലപാട്
തൃശൂര്‍: ഒല്ലൂര്‍ വൈലോപ്പിള്ളി സര്‍ക്കാര്‍ കോളജില്‍ എഐഎസ്എഫ് സമരവുമായി ബന്ധപ്പെട്ട് എഐഎസ്എഫ് പ്രവര്‍ത്തകരെ എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു . പരിക്കേറ്റ് ചികിത്സക്കായി തൃശൂര്‍ ജനറല്‍ ആശുപത്രിയിലെത്തിയ എഐഎസ്എഫ് പ്രവര്‍ത്തകരെയും സന്ദര്‍ശിക്കാനെത്തിയ എഐവൈഎഫ് പ്രവര്‍ത്തകരെയും പോലിസ് മര്‍ദ്ദിച്ച് ജീപ്പിലേക്ക് വലിച്ചു കയറ്റിയത് പ്രതിഷേധത്തിന് കാരണമായി.
ഈസ്റ്റ് പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവര്‍ത്തകരെ അകാരണമായി മര്‍ദ്ദിച്ച് അസഭ്യം പറഞ്ഞ് കസ്റ്റഡിയിലെടുത്തത്.
സിപിഐ ജില്ല സെക്രട്ടറി കെ കെ വത്സരാജ്, പി ബാലചന്ദ്രന്‍ എംഎല്‍എ, എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍ എന്നിവര്‍ പോലിസ് സ്‌റ്റേഷനിലെത്തി കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി. പോലിസിന്റെ നടപടി ഏകപക്ഷീയവും പ്രതിഷേധാര്‍ഹവുമാണ്.
എഐഎസ്എഫ് ജില്ലാ സെക്രട്ടറിയാണെന്ന് അറിയിച്ചിട്ടും യാതൊരു പ്രകോപനവുമില്ലാതെ എന്‍ കെ സനല്‍കുമാറിനെ മര്‍ദ്ദിച്ച് ജീപ്പിലേക്ക് വലിച്ചിഴച്ചത് പോലിസിന്റെ ഗുണ്ടായിസത്തിന്റെയും ഏകപക്ഷീയ നിലപാടുകളുടെയും തെളിവാണ്. അഖില്‍ ടി എസ്, ഫ്രെഡി ഷാജു, രഞ്ജിത്ത്, നിജില്‍, എന്‍ കെ സനല്‍കുമാര്‍ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എഐഎസ്എഫ് എഐവൈഎഫ് പ്രവര്‍ത്തകരെ പോലീസ് അകാരണമായി മര്‍ദ്ദിച്ചത്തില്‍ പ്രതിഷേധിച്ചു എഐഎസ്എഫ്-എഐവൈഎഫ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
