യുവതി കൊല്ലപ്പെട്ട സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പരിശോധന നടത്തി

Update: 2022-02-13 03:21 GMT

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിയായ യുവതി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആശുപത്രിയില്‍ പരിശോധന നടത്തി. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജു നാഥാണ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് പരിശോധിച്ചത്. സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. മാനസികാരോഗ്യകേന്ദ്രത്തിലെ ദാരുണ സംഭവം അത്യന്തം ഗൗരവകരമാണെന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷം ആവശ്യമായ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജുഡീഷ്യല്‍ അംഗം കെ. ബൈജു നാഥ് പറഞ്ഞു.

മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടും ജില്ലാ പോലിസ് മേധാവിയും 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് 22ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. മഹാരാഷ്ട്ര സ്വദേശിനി ജയറോം ജിലോട്ട് (30) ആണ് കൊല്ലപ്പെട്ടത്. പ്രതി ബംഗാള്‍ സ്വദേശിനിയായ തസ്മി ബീബിയുടെ അറസ്റ്റ് നടപടിക്രമങ്ങള്‍ക്ക് ശേഷം രേഖപ്പെടുത്തും.