പാലിയേക്കര ടോള്‍ പ്ലാസയില്‍ തദ്ദേശിയര്‍ക്ക് ഏര്‍പ്പെടുത്തിയ പാസ് നിയന്ത്രണം ഒഴിവാക്കി
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഒരു വീട്ടില്‍ നിന്ന് ഒരു വാഹനം എന്ന നിയന്ത്രണമില്ലാതെ എല്ലാവര്‍ക്കും സൗജന്യമായി കടന്നു പോകാന്‍ കഴിയണമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഒന്നില്‍ കൂടുതല്‍ വാഹനം ഉണ്ട് എന്ന പേരില്‍ ആര്‍ക്കും പാസ് നിഷേധിക്കരുതെന്നും മന്ത്രി പറഞ്ഞു. പാലിയേക്കര ടോള്‍ പ്ലാസയിലെ തദ്ദേശീയരുടെ യാത്രാ പാസ് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ വാഹനങ്ങള്‍, തദ്ദേശ സ്ഥാപന വാഹനങ്ങള്‍ എന്നിവ കടന്നു പോകുമ്പോള്‍ അവരോട് മാന്യമായി പെരുമാറണമെന്നും ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രച്ചറല്‍ കമ്പനിക്ക് മന്ത്രി നിര്‍ദേശം നല്‍കി. അപമര്യാദയായി പെരുമാറിയ സംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണം. എന്‍ എച്ച് എ അധികൃതര്‍ നല്‍കിയ നിര്‍ദേശങ്ങളില്‍ അവ്യക്തതയുണ്ടെങ്കില്‍ അത് ടോള്‍ പിരിക്കുന്ന കരാര്‍ കമ്പനിക്ക് കലക്ടറോട് എഴുതി ചോദിക്കാമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ നിര്‍ദേശങ്ങള്‍ കരാര്‍ കമ്പനി അംഗീകരിച്ചു.
നാഷണല്‍ ഹൈവേയിലെ സര്‍വ്വീസ് റോഡ് പലയിടത്തും പൂര്‍ത്തിയാവാത്തതും ഡ്രെയിനേജ്, സ്ട്രീറ്റ് ലൈറ്റ്, വെള്ളക്കെട്ട് പ്രശ്‌നങ്ങളും യോഗത്തില്‍ പങ്കെടുത്ത ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഹൈവേയ്ക്ക് സമീപത്തുകൂടി ഒഴുകുന്ന പുഴകള്‍ മലിനമാകുന്ന കാര്യവും മന്ത്രിയെ അറിയിച്ചു. മാലിന്യങ്ങള്‍ തള്ളുന്നത് തടയാന്‍ പഞ്ചായത്തുകള്‍ക്ക് വേലികള്‍ നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ എന്‍എച്ച്എ അനുമതി നല്‍കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കരാര്‍ ലംഘനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
യോഗത്തില്‍ പുതുക്കാട് എംഎല്‍എ കെ കെ രാമചന്ദ്രന്‍ ടോള്‍ പ്ലാസ പാസുമായി ബന്ധപ്പെട്ട തദ്ദേശിയരുടെ വിഷയങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ടോള്‍ പ്ലാസയിലെ ഉദ്യോഗസ്ഥരുടെ അപമര്യാദയായുള്ള പെരുമാറ്റങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ യോഗത്തില്‍ ഉന്നയിച്ചു. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ ഐ ജെ മധുസൂദനന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ വി എസ് പ്രിന്‍സ്, അഡ്വ ജോസഫ് ടാജറ്റ്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, എന്‍ എച്ച് എ, പിഡബ്ല്യൂഡി ഉദ്യോഗസ്ഥര്‍, ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രച്ചറല്‍ കമ്പനി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

