പോഷകാഹാരക്കുറവ്; അഫ്ഗാനിസ്താനില്‍ ഒരു ദശലക്ഷം കുട്ടികള്‍ക്ക് ജീവാപായമുണ്ടായേക്കുമെന്ന് യൂനിസെഫ്
കാബൂള്‍; അഫ്ഗാനിസ്താനില്‍ ഒരു ദശലക്ഷം കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുമൂലം ജീവാപായമുണ്ടായേക്കുമെന്ന മുന്നറിയിപ്പുമായി യൂനിസെഫ്.
ട്വിറ്ററിലൂടെയാണ് യുഎന്‍ ഏജന്‍സിയായ യൂനിസെഫ് മുന്നറിയിപ്പു നല്‍കിയത്. രണ്ട് വയസ്സായ സോറിയ എന്ന ഒരു പെണ്‍കുട്ടിയുടെ അനുഭവവും ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. നല്‍കുന്ന സൂചനയനുസരിച്ച് കുഞ്ഞിന് ഡയറിയയും മറ്റ് നിരവധി പ്രശ്‌നങ്ങളുമുണ്ട്. മാതാവ് കുഞ്ഞിന്റെ അടുത്തുതന്നെ ഇരുന്ന് രണ്ട് ആഴ്ചയായി പരിചരിച്ചുകൊണ്ടിരിക്കുകയാണ്.
അടിയന്തരമായ ചികില്‍സയും മറ്റ് നടപടികളും കൈക്കൊണ്ടില്ലെങ്കില്‍ താമസിയാതെ ഒരു ദശലക്ഷം കുട്ടികള്‍ കൊല്ലപ്പെടും.
യൂനിസെഫിന്റെ കണക്കനുസരിച്ച് രാജ്യത്ത് 24.4 ദശലക്ഷം പേര്‍ക്കാണ് സഹായം ആവശ്യമായത്. അതില്‍ 13.1 ദശലക്ഷം കുട്ടികളാണ്.
അതില്‍ത്തന്നെ 1.1 ദശലക്ഷം കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്നു.
ജീവാപായമുണ്ടായേക്കാവുന്ന അസുഖങ്ങള്‍ പടര്‍ന്നുപിടിക്കുന്നുണ്ട്. 60,000 പേര്‍ക്ക് അഞ്ചാംപനിയുണ്ട്.
താലിബാന്റെ കണക്കനുസരിച്ച് പോഷകാഹാരക്കുറവുള്ളത് 4.4 ദശലക്ഷം അഫ്ഗാനികള്‍ക്കാണ്.