പൊതു വിദ്യാഭ്യാസത്തിലൂടെ കേരളത്തിലുണ്ടായത് വലിയ മുന്നേറ്റം: മന്ത്രി ഡോ.ആര്‍ ബിന്ദു
തൃശൂര്‍: പൊതുവിദ്യാഭ്യാസം എന്ന ആശയത്തിന് കീഴില്‍ വലിയ മുന്നേറ്റമാണ് കേരളത്തില്‍ ഉണ്ടായതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെയും ജനകീയ ഇടപെടലുകളിലൂടെയും സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ വലിയ മുന്നേറ്റം സാധ്യമാക്കാന്‍ കഴിഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ രംഗം മാറ്റത്തിന്റെ പാതയിലാണെന്നും മന്ത്രി. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫര്‍ണീച്ചര്‍ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നടവരമ്പ് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
പഠന മികവിലും അധ്യാപന നിലവാരത്തിലും ഉയര്‍ന്ന തലത്തില്‍ നിന്നപ്പോഴും പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തില്‍ വലിയ അഭാവം നിലനിന്നിരുന്ന പൊതു വിദ്യാലയങ്ങളില്‍ മികച്ച കെട്ടിടങ്ങള്‍ , ലൈബ്രറി, ലബോറട്ടറി സൗകര്യങ്ങള്‍ ഉള്‍പ്പെടെ വിപുലമായ അടിസ്ഥാന വികസന സൗകര്യങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷവും ഇപ്പോഴുമൊരുക്കിയും മുന്നേറുകയാണ് സര്‍ക്കാരെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി.വി. മദനമോഹന്‍ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.എസ്. ജയ, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത ചന്ദ്രന്‍ , ക്ഷേമ കാര്യ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം.അഹമ്മദ്, വെള്ളാം ങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയ ചന്ദ്രന്‍ , വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, വാര്‍ഡ് മെമ്പര്‍ മാത്യു പാറേക്കാടന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.കെ. പ്രീതി , വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ മനു . വി. മണി, ഹൈസ്‌കൂള്‍ ഹെഡ് മിസ്ട്രസ്സ് ഒ ആര്‍.ബിന്ദു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.വി. വല്ലഭന്‍ സ്വാഗതവും പി.ടി.എ പ്രസിഡന്റ് ടി.എസ്. സജീവന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
