അട്ടപ്പാടിയിലെ മധു കൊലപാതകം: പോലിസിനെതിരെയുള്ള കുടുംബത്തിന്റെ ആരോപണം ഗൗരവത്തിലെടുക്കണമെന്ന് എസ്ഡിപിഐ
പാലക്കാട്: മധുവിനെ കൊണ്ടുപോയ പോലിസ് ജീപ്പില്‍ എന്തുസംഭവിച്ചു എന്ന് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബം അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്ത് ഗൗരവത്തില്‍ എടുക്കണമെന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് സഹീര്‍ ചാലിപ്പുറം ആവശ്യപ്പെട്ടു. കുടുംബം ഇപ്പോള്‍ ഉന്നയിച്ച ആരോപണം മധു കൊല്ലപ്പെട്ട സാഹചര്യത്തില്‍ തന്നെ പരിശോധിക്കണം എന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടിരുന്നതാണ്. ആള്‍കൂട്ടം ചോദ്യം ചെയ്യുന്ന സമയത്താണ് പോലിസ് മധുവിനെ കൊണ്ട് പോകുന്നത്. പോലിസ് ആള്‍കൂട്ടത്തിനിടയില്‍ നിന്നും മധുവിനെ രക്ഷിച്ചു കൊണ്ടു പോവുകയായിരുന്നില്ല. പകരം, അറസ്റ്റ് ചെയ്ത് കൊണ്ടു പോവുകയായിരുന്നു. അതും നിലവിലെ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട ചിലരുടെ പരാതിയുടെ അടിസ്ഥാനത്തിലും കൂടിയാണ് പോലീസ് മുക്കാലിയില്‍ എത്തിയിരുന്നത്.
മധുവിന്റെ മരണം സംഭവിക്കുന്നതിന് കാരണമായത് ശരീരത്തിന്റെ വിവിധയിടങ്ങളിലെ ഒന്നുമുതല്‍ പതിനഞ്ച് വരെയുള്ള മുറിവുകളാണ് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തില്‍ മര്‍ദ്ദനമേറ്റ ക്ഷതങ്ങള്‍, തലക്കടിയേറ്റതിനെ തുടര്‍ന്നുണ്ടായ ആന്തരീകരക്തസ്രാവം, ചവിട്ടേറ്റ് തകര്‍ന്ന വാരിയെല്ല് ഇവയൊക്കെയാണ് പ്രധാനമായും മരണം സംഭവിക്കാനുണ്ടായ കാരണം. ആള്‍കൂട്ടത്തിന്റെ മര്‍ദ്ദനത്തിന് ശേഷം പ്രത്യക്ഷത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നും പ്രകടമാകാതെയാണ് മധുവിനെ പോലിസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്നത്. പോലിസ് കസ്റ്റഡിയില്‍ ഇരിക്കെയാണ് മധു കൊല്ലപ്പെടുന്നത്. മുക്കാലിയില്‍ നിന്നും അഗളിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മധുവിനെ എത്തിക്കാന്‍ അരമണിക്കൂര്‍ മതി എന്നിരിക്കെ പോലീസ് ഒന്നരമണിക്കൂര്‍ എടുത്തത് എന്തിനായിരുന്നു എന്ന ചോദ്യം ഗൗരവമുള്ളതാണ്. മധു കൊലപാതകത്തിന്റെ പുനരന്വേഷണം ഉള്‍പ്പെടെയുള്ളകാര്യങ്ങള്‍ സര്‍ക്കാര്‍ അടിയന്തിരമായി ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
