കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള നിര്‍മാണ പ്രവൃത്തികളിലെ കാലതാമസം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡുകളും കെട്ടിടങ്ങളും ഉള്‍പ്പെടെ കോഴിക്കോട് ജില്ലയിലെ നിര്‍മാണ പ്രവൃത്തികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയത്.
പല പ്രവൃത്തികളിലും ഭരണാനുമതി ലഭിച്ച ശേഷവും സാങ്കേതികാനുമതിയിലേക്ക് കടക്കുന്നതില്‍ വലിയ കാലതാമസം വരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ സ്ഥിതി തുടരാന്‍ കഴിയില്ലെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തങ്ങളുടെ കീഴില്‍ വരുന്ന ഓരോ പദ്ധതിയുടെയും നിര്‍മാണ പുരോഗതി കൃത്യമായി വിലയിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഭരണാനുമതി ലഭിച്ച ശേഷവും സാങ്കേതികാനുമതി വൈകുന്ന പദ്ധതികളെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാക്കാന്‍ പൊതുമരാമത്ത് വിഭാഗം ചീഫ് എന്‍ജിനീയറോഡ് മന്ത്രി ആവശ്യപ്പെട്ടു. ബാലുശ്ശേരി മിനി സിവില്‍ സ്‌റ്റേഷന്‍, വടകര താലൂക്ക് ആശുപത്രി, മെഡിക്കല്‍ കോളേജ് എന്‍ ജി ഓ ക്വര്‍ട്ടേഴ്‌സ് ഫ്‌ലാറ്റ് സമുച്ചയം, ഫറോക്ക് റസ്റ്റ് ഹൌസ് എന്നിവയുള്‍പ്പെടെ ജില്ലാ പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. പൊതുമരാമത്ത് വകുപ്പ് ജോയിന്റ് സെക്രട്ടറി എസ് സാംബശിവ റാവു, ജില്ലാ കളക്ടര്‍ തേജ് ലോഹിത റെഡ്ഢി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.