മൗണ്ട് എവറസ്റ്റിംഗ് സൈക്കിള്‍ സവാരിയില്‍ പൂര്‍ത്തിയാക്കി അനീഷ് അഗസ്റ്റിന്‍

Update: 2022-01-21 17:35 GMT

മാള: മൗണ്ട് എവറസ്റ്റിംഗ് സൈക്കിള്‍ സവാരിയില്‍ പൂര്‍ത്തിയാക്കിയ ആദ്യ മലയാളിയായി മാള കുഴിക്കാട്ടുശ്ശേരി സ്വദേശി അനീഷ് അഗസ്റ്റിന്‍. ഒരു നിശ്ചിത ദൂരം മുകളിലോട്ടും താഴോട്ടുമായി കയറിയിറങ്ങി എവറസ്റ്റിന്റെ 8848 മീറ്റര്‍ ഉയരം(എലവേഷന്‍) വരുന്നവരെ സവാരി തുടരുന്നതാണ് മൗണ്ട് എവറസ്റ്റിംഗ്.

മാള കുഴിക്കാട്ടുശ്ശേരി പരോടത്ത് അഗസ്റ്റിന്റെയും റോസിലിയുടെ മകനായ അനീഷ് അഗസ്റ്റി (35) നാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്കഴിഞ്ഞ ജനുവരി 15 നാണ്.


12 കിലോമീറ്റര്‍ ദൂരമുള്ള ഇടുക്കി കുളമാവ് നാടുകാണി ചുരം 12 തവണയായി 8908 മീറ്റര്‍ ഉയരം 18 മണിക്കൂറും 11 മിനിറ്റും ചെലവഴിച്ച് അനീഷ് സൈക്കിള്‍ സവാരി നടത്തിയത്. മൗണ്ട് എവറസ്റ്റിംഗ് ചലഞ്ച് സൈക്കിള്‍ സവാരിയിലൂടെ പൂര്‍ത്തിയാക്കിയ ആദ്യത്തെ മലയാളിയെന്ന ബഹുമതിയും അനീഷിന് സ്വന്തം. കഴിഞ്ഞ രണ്ട് വര്‍ഷമായി സൈക്കിള്‍ സവാരിയില്‍ അതിനായുള്ള പരിശ്രമം തുടരുകയായിരുന്നു.

2017 ല്‍ ഇരുചക്ര വാഹനത്തില്‍ ഭാര്യയുമൊത്ത് 22 ദിവസത്തെ കേരള കാശ്മീര്‍ പര്യടനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

സൈക്കിള്‍ സവാരിയില്‍ ഇന്ത്യാ പര്യടനം പൂര്‍ത്തിയാക്കണമെന്നതാണ് അടുത്ത ആഗ്രഹമെന്ന് അനീഷ് പറഞ്ഞു.

മര്‍ച്ചന്റ് നേവിയില്‍ സേവനം അനുഷ്ഠിക്കുന്ന അനീഷ് മാള ബൈക്കേഴ്‌സ് ക്ലബ്ബ് അംഗമാണ്.ഭാര്യ മഞ്ജു. ഏക മകന്‍ നഥാനിയേല്‍.

Similar News