കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും കാമറകളും തകര്‍ത്ത ടിപ്പര്‍ ലോറി പിടികൂടി

Update: 2022-01-21 15:27 GMT

തൃശൂര്‍: തൃശൂര്‍ കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും കാമറകളും തകര്‍ത്ത് വ്യാപക നാശനഷ്ടമുണ്ടാക്കിയ ടിപ്പര്‍ ലോറി പിടികൂടി. നിര്‍മ്മാണ കമ്പനിയുടെ സബ് കോണ്ട്രാക്ട് എടുത്ത വാഹനമാണ് പീച്ചി പോലിസ് പിടികൂടിയത്. 10 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

ഇന്നലെ രാത്രി എട്ടേമുക്കാലിനായിരുന്നു സംഭവം. തുരങ്കത്തിലേയ്ക്ക് കയറുന്നതിന് മുമ്പേതന്നെ ലോറിയുടെ പിന്‍ഭാഗം ഉയര്‍ന്നിരുന്നു. ഇത് ലൈറ്റുകളിലും കാമറകളിലും ഉരസിയാണ് നാശനഷ്ടം സംഭവിച്ചത്. ഒന്നാം തുരങ്കത്തിലെ 104 ലൈറ്റുകള്‍ ടിപ്പര്‍ ലോറി തകര്‍ത്തു. ഇതിന് പുറമെ കാമറകളും. തൊണ്ണൂറ് മീറ്റര്‍ ദൂരത്താണ് നാശനഷ്ടം. മറ്റു വാഹനങ്ങളിലേക്ക് ലൈറ്റുകള്‍ വീഴാതിരുന്നതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല. തൊണ്ണൂറ് മീറ്റര്‍ ദൂരത്തോളം ലൈറ്റുകള്‍ തകരാറിലായി. സംഭവത്തിന് ശേഷം നിര്‍ത്താതെ പോയ ലോറിക്കായി തുരങ്കത്തിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളുമായാണ് പീച്ചി പൊലീസ് അന്വേഷണം നടത്തിയത്. സിസിടിവി കാമറാ ദ്യശ്യങ്ങളില്‍ നിന്നാണ് ലോറി പ്രദേശവാസിയുടേതെന്ന് തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് ലോറി പിടിച്ചെടുത്തത്.ലോറി ഓടിച്ചിരുന്നത് ചുവന്നമണ്ണ് സ്വദേശി ജിനേഷാണ്. മണ്ണടിച്ച ശേഷം ലോറിയുടെ പിന്‍ഭാഗം താഴ്ത്താന്‍ മറന്നു പോയതാണെന്ന് ജിനേഷ് പോലിസിനെ അറിയിച്ചു. തുരങ്കത്തിന്റെ ഒരുഭാഗത്ത് വെളിച്ചമുള്ളതിനാല്‍ യാത്രാതടസമുണ്ടാകില്ല. തകര്‍ന്ന ലൈറ്റുകള്‍ ഓര്‍ഡര്‍ ചെയ്തു വരുത്താന്‍ കാലതാമസമെടുക്കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

Similar News