ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ റീ സര്‍വേ പൂര്‍ത്തിയാക്കുന്ന ജില്ലയായി തൃശൂരിനെ മാറ്റുക ലക്ഷ്യം: മന്ത്രി കെ രാജന്‍

Update: 2022-01-15 09:02 GMT

തൃശൂര്‍: അടുത്ത നാല് വര്‍ഷം കൊണ്ട് കേരളത്തിലെ ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഇതില്‍ 20 ശതമാനം ഡ്രോണ്‍ ഉപയോഗിച്ച് നടത്തും. ഒരേ സമയം 200 വില്ലേജുകളില്‍ റീസര്‍വേ നടത്തുന്ന രീതിയിലേക്ക് സംവിധാനങ്ങള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നൂതന സാങ്കേതിക വിദ്യയായ ഡ്രോണ്‍, ആര്‍.ടി.കെ എന്നിവ ഉപയോഗിച്ച് തൃശൂര്‍ താലൂക്കിലെ കൂര്‍ക്കഞ്ചേരി, ചിയ്യാരം എന്നീ വില്ലേജുകളുടെ സര്‍വെ ജോലികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി നടന്ന ജില്ലാതല ജനപ്രതിനിധി ബോധവത്കരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ജനുവരി 28ന് ചിയ്യാരത്ത് ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേ ആരംഭിക്കും. ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ റീ സര്‍വേ പൂര്‍ത്തിയാക്കുന്ന ജില്ലയായി തൃശൂരിനെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഡ്രോണ്‍ സര്‍വേ ആരംഭിക്കുന്ന വില്ലേജുകളിലെ ജനപ്രതിനിധികളേയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളേയും പൊതുജനങ്ങളേയും ഉള്‍പ്പെടുത്തിയാണ് ബോധവത്ക്കരണ യോഗം നടത്തിയത്. കൂര്‍ക്കഞ്ചേരി എസ്.എന്‍.ബി.പി. ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

ഭൂരേഖ വിരല്‍ത്തുമ്പില്‍ എന്ന ആശയം മുന്‍നിര്‍ത്തി സര്‍ക്കാര്‍ സംസ്ഥാനത്ത് ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സര്‍വെ ചെയ്തിട്ടില്ലാത്ത 1550 വില്ലേജുകളില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഡിജിറ്റല്‍ റീസര്‍വെ ചെയ്യുന്നത്. ഇതിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ 4 താലൂക്കുകളിലായി 23 വില്ലേജുകള്‍ ഡിജിറ്റല്‍ റീസര്‍വെ ചെയ്യുന്നതിന് സര്‍വെയും ഭൂരേഖയും വകുപ്പ് മുഖേന കര്‍മ്മപദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ സര്‍വേ യാഥാര്‍ത്ഥ്യമാകുന്നതോടെ ഒരു ആവശ്യത്തിനായി പല ഓഫീസില്‍ കയറി ഇറങ്ങുന്നത് ഒഴിവാക്കാനാകും. അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കാനും പരിഹരിക്കാനും കഴിയും.

വസ്തുക്കളുടെ പോക്കുവരവ് വേഗത്തിലാക്കാനും വികസന പ്രവര്‍ത്തനങ്ങളുടെ വേഗത വര്‍ധിപ്പിക്കാനും ഇതിലൂടെ സാധിക്കും. യോഗത്തില്‍ ജില്ലാ കലക്ടര്‍ ഇന്‍ ചാര്‍ജ് റെജി പി ജോസഫ്, ഡെപ്യൂട്ടി കലക്ടര്‍ ഉഷ ബിന്ദു മോള്‍ കെ, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ ഷാലി പി കെ, തഹസില്‍ദാര്‍ ജയശ്രീ, കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഹെഡ് ഡ്രാഫ്റ്റ്മാന്‍ ജെന്നി പി വി ബോധവത്കരണ ക്ലാസ് നയിച്ചു. ഡ്രോണ്‍ സര്‍വേ സംബന്ധിച്ച ബോധവത്കരണ യോഗങ്ങള്‍ വരും ദിവസങ്ങളില്‍ വില്ലേജ് തലത്തിലും നടത്തും.

Similar News