തൃശൂര്‍: അറിവിനെ ആസ്പദമാക്കി പ്രവര്‍ത്തിക്കുന്ന സമൂഹമായിട്ട് കേരളം മുന്നോട്ട് പോകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു. അഴീക്കോട് സീതി സാഹിബ് മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വജ്ര ജൂബിലിയോടനുബന്ധിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നമ്മുടെ ഉന്നത വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഉല്‍പാദിപ്പിക്കുന്ന അറിവുകള്‍ക്ക് കേരളത്തിലെ സാധാരണ ജനങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്താന്‍ കഴിയണം. അതിന് തയ്യാറാവുന്ന വിധത്തില്‍ നമ്മുടെ കുട്ടികളെ മറ്റേണ്ടതുണ്ട്. അവരവരുടെ കഴിവുകള്‍ നിര്‍ഭയമായിട്ട് വികസിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും സന്തോഷ പ്രദമായ അന്തരീക്ഷം സ്‌കൂളുകളില്‍ ഉണ്ടാകണം. അഭ്യസ്ത വിദ്യരായ യുവാക്കളുടെ തൊഴിലില്ലായ്മ എന്ന പ്രശ്‌നം പരിഹരിക്കാന്‍ തൊഴിലുല്പാദിപ്പിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ഒരു കോടി 30 ലക്ഷം രൂപ ചെലവ് ചെയ്ത് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ 50 ശതമാനം പൂര്‍ത്തിയാക്കിയത് സര്‍ക്കാരിന്റെ ചലഞ്ച് ഫണ്ട് ഉപയോഗപ്പെടുത്തിയാണ്.
സീതി സാഹിബ് മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് ഡോ.പി എ മുഹമ്മദ് സൈദ് അധ്യക്ഷനായി. ഇ ടി ടൈസണ്‍ എം എല്‍ എ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സുഗദ ശശിധരന്‍, എറിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീന റാഫി, ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദ് കറുകപ്പാടത്ത്, പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ നജ്മല്‍ ഷെക്കീര്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ അസീം, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി എ സീതി, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി
എ എ മുഹമ്മദ് ഇക്ബാല്‍, മാനേജര്‍ അഡ്വ.കെ എം അല്‍ത്താഫ്, ട്രസ്റ്റ് വൈസ് പ്രസിഡന്റ് ഡോ.കെ എം മുഹമ്മദ് ഇക്ബാല്‍, പി ടി എ പ്രസിഡന്റ് ഇ എ അഷറഫ്, കെ എസ് ഷിഹാബുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
