കക്കാട് ജിഎല്‍പി സ്‌കൂളിന്റെ വികസനത്തിനാവശ്യമായ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം

Update: 2021-12-18 06:41 GMT

മുക്കം: കക്കാട് ജിഎല്‍പി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ ഭൂമി അക്വയര്‍ചെയ്ത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വികസന സമിതിയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ ചേര്‍ന്ന നാട്ടുകാരുടെ യോഗം ആവശ്യപ്പെട്ടു. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും യുപി സ്‌കൂളായി ഉയര്‍ത്തുന്നതിനും സ്‌കൂളിനോട് ചേര്‍ന്നുള്ള ഈ ഭൂമി അനിവാര്യമാണെന്നും ഇത് സ്വകാര്യ വ്യക്തിക്ക് വിറ്റ നടപടി റദ്ദാക്കാനാവശ്യമായ അടിയന്തര ഇടപെടലുകള്‍ ഉണ്ടാകണമെന്നും യോഗം ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടു.

സ്‌കൂളിലെ കുട്ടികള്‍ക്ക് കളിസ്ഥലം ഇല്ലാത്തതിനു പുറമെ പുതിയ ക്ലാസ് റൂം നിര്‍മാണത്തിനും യുപി സ്‌കൂളായി ഉയര്‍ത്താനും പുതിയ സ്ഥലം വളരെ അത്യാവശ്യമാണ്. 300ഓളം കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്ഥാപനത്തിന്റെ വളര്‍ച്ചക്കു വിലങ്ങുവയ്ക്കുന്ന സ്വകാര്യ ഭൂ ഉടമയുടെ നടപടിക്കെതിരെ അക്വിസിഷന്‍ നടപടിയുമായി പഞ്ചായത്ത് മുന്നോട്ടുപോകണം.

കൂലിപ്പണിയും ദരിദ്രപശ്ചാത്തലവുമുള്ള വലിയൊരു വിഭാഗം ഗ്രാമീണജനതയുടെ മക്കളാണ് ഇവിടെ പഠിക്കുന്നത്. അവരെ സമൂഹത്തോടൊപ്പം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആവശ്യമായ പശ്ചാത്തല സൗകര്യം ഇല്ലാത്തത് ഈ നാടിന്റെ തീരാ വേദനയും സങ്കടവുമാണ്. ഈ സാഹചര്യത്തില്‍ സ്‌കൂളിനോട് ചേര്‍ന്നുകിടക്കുന്ന കരിമ്പാറക്കെട്ട് മാത്രമുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം മാന്യമായ വില നല്‍കി കാരശ്ശേരി പഞ്ചായത്ത് ഭരണസമിതിയും കക്കാട് സ്‌കൂള്‍ വികസന സമിതിയും ഏറ്റെടുക്കാന്‍ തയ്യാറാണ്. എന്നാല്‍ നാട്ടിലെ ഒരേയൊരു സര്‍ക്കാര്‍ സ്ഥാപനമായ കക്കാട് ഗവ. എല്‍പി സ്‌കൂളിന്റെ ആവശ്യത്തോട് പുറംതിരിഞ്ഞുനില്‍ക്കുകയാണ് ഉടമസ്ഥന്‍. സ്ഥലം സ്‌കൂളിന് വേണമെന്ന് ആവശ്യപ്പെട്ടിട്ടും ഒരു ചര്‍ച്ചയ്ക്കു പോലും അവസരം നല്‍കാതെ കച്ചവടക്കണ്ണോടെ നാട്ടുകാരുടെ ചിരകാല അഭിലാഷത്തിന് പോറലേല്‍പ്പിക്കുന്ന സമീപനമാണുണ്ടായത്. ഈ സ്ഥലം ലഭിക്കാത്തപക്ഷം നാട്ടില്‍ സ്‌കൂളിനായി മറ്റൊരു ഭൂമി കണ്ടെത്തുക സാധ്യമല്ല. ആയതിനാല്‍ സ്വകാര്യവ്യക്തിയുടെ കച്ചവടം റദ്ദാക്കാനും പ്രസ്തുത സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് ഗവ. എല്‍.പി സ്‌കൂളിന്റെ വികസനത്തിന് അനുകൂലമായ നടപടി സ്വീകരിക്കണമെന്നും ഇതിനാവശ്യമായ അക്വിസിഷന്‍ നടപടികള്‍ക്ക് കാരശ്ശേരി ഗ്രാമപഞ്ചായത്ത് അധികൃതര്‍ സത്വര നടപടി സ്വീകരിക്കണമെന്നും യോഗം ഐകകണ്‌ഠേന ആവശ്യപ്പെട്ടു. സ്ഥലം നേടിയെടുക്കുംവരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

യോഗം വാര്‍ഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എടത്തില്‍ ആമിന ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പിടിഎ പ്രസിഡന്റ് അഷ്‌റഫ് കെ സി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ജാനിസ് ടീച്ചര്‍, എസ്എംസി ചെയര്‍മാന്‍ കെ സി റിയാസ്, മുന്‍ വാര്‍ഡ് മെമ്പര്‍ ജി അബ്ദുല്‍ അക്ബര്‍, വികസന സമിതി സാരഥി തോട്ടത്തില്‍ ഉമര്‍, മുന്‍ പിടിഎ ഭാരവാഹികളായ എടക്കണ്ടി അഹമ്മദ്കുട്ടി, മഞ്ചറ അബ്ദുറഷിദ്, ഷുക്കൂര്‍ മുട്ടാത്ത്, ശിഹാബ് പുന്നമണ്ണ്, കെപിആര്‍ സ്മാരക വായനശാല ജനറല്‍സെക്രട്ടറി മഞ്ചറ അഹമ്മദ്കുട്ടി മാസ്റ്റര്‍, പിടിഎ വൈസ് പ്രസിഡന്റുമാരായ മുനീര്‍ പാറമ്മല്‍, നൗഷാദ് ബാപ്പു എടത്തില്‍, സ്റ്റാഫ് സെക്രട്ടറി ജി ഷംസു മാസ്റ്റര്‍, ഫിറോസ് മാസ്റ്റര്‍, ജാവിദ് ഹുസൈന്‍, മുഹമ്മദ് കക്കാട്, കെ.പി അസയിന്‍, പാറക്കല്‍ അബ്ദുറഹിമാന്‍, കെ പി ഷൗക്കത്ത്, കെ അബ്ദു മാസ്റ്റര്‍, ടി പി അബൂബക്കര്‍, റിയാസ് തോട്ടത്തില്‍, എം അബ്ദുല്‍ഗഫൂര്‍, സലാം കോടിച്ചലത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.