തൃശൂര്‍: ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച രാജ്യത്തിന്റെ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് പ്രണാമം അര്‍പ്പിച്ച് തൃശൂര്‍ പൗരാവലി. അയ്യന്തോള്‍ അമര്‍ ജവാന്‍ സ്മാരകത്തില്‍ ബിപിന്‍ റാവത്തിനും ഒപ്പം കൊല്ലപ്പെട്ടവര്‍ക്കും പുഷ്പചക്രവും പുഷ്പാര്‍ച്ചനയും അര്‍പ്പിച്ചു.
കോര്‍പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ്, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ജില്ലാ സൈനിക ക്ഷേമ ഓഫിസര്‍ മേജര്‍ ഷിജു ഷരീഫ്, കൗണ്‍സിലര്‍ പ്രസാദ്, സൈനികപൂര്‍വ്വസൈനികര്‍ക്ക് വേണ്ടി റിട്ട.കേണല്‍ എച്ച് പദ്മനാഭന്‍ എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.
കേരളാ എക്‌സ് സര്‍വീസസ് ലീഗ് സംസ്ഥാന പ്രസിഡന്റ് ഗോപിനാഥന്‍ നായര്‍, എന്‍ സി സി ഉദ്യോഗസ്ഥര്‍, എന്‍ സി സി കേഡറ്റുകള്‍, മറ്റ് സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
സേനാ മേധാവി ബിപിന്‍ റാവത്ത് രാജ്യത്തിന് എക്കാലവും മാതൃകയായ ധീര വ്യക്തിത്വമാണെന്ന് മേയര്‍ എം കെ വര്‍ഗീസ് അനുസ്മരിച്ചു. ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക്ഷയ്ക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച സൈനിക മേധാവിയായിരുന്നു ജനറല്‍ ബിപിന്‍ റാവത്തെന്ന് കേണല്‍ പദ്മനാഭന്‍ അനുസ്മരിച്ചു. ഈ അപകടത്തില്‍ മുഴുവന്‍ സേനയും ഞെട്ടലില്‍ ആണെങ്കിലും ഇന്ത്യയുടെ പ്രതിരോധത്തിനെക്കുറിച്ചോ രാജ്യസുരക്ഷയെക്കുറിച്ചോ യാതൊരു ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
