സഹകരണ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധം: മന്ത്രി വി എന്‍ വാസവന്‍

Update: 2021-12-06 14:51 GMT

തൃശൂര്‍: സഹകരണ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. വടക്കാഞ്ചേരി ബ്ലോക്ക് മള്‍ട്ടി പര്‍പ്പസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി അത്താണി ബ്രാഞ്ച് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ മേഖലയിലെ ഓഡിറ്റ് വിഭാഗം ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. മൂന്ന് പേര്‍ ചേര്‍ന്ന ടീമായിട്ടായിരിക്കും ഓഡിറ്റ് വിഭാഗം പ്രവര്‍ത്തിക്കുക. ന്യൂജെന്‍ ബാങ്കുകളോട് കിടപിടിക്കുന്ന രീതിയില്‍ കേരള ബാങ്ക് ഉയര്‍ന്നു വന്നു തുടങ്ങി. എല്ലാ സൗകര്യങ്ങളും കേരളബാങ്കില്‍ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ പേരില്‍ നിര്‍മിച്ച ആദ്യ സഹകരണ സംഘമാണ് അത്താണിയിലേത്. സംഘത്തിന്റെ സ്ഥാപക മെമ്പറായിരുന്ന വി എസ് മോഹന്‍ദാസിന്റെ ഓര്‍മക്കായി നിര്‍മിച്ച സ്മാരക ഹാള്‍ ഉള്‍പ്പെടെയുള്ള പുതിയ കെട്ടിടം നാല് നിലകളിലായി 8000 ചതുരശ്ര അടിയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്.

ഒന്നാം നിലയും രണ്ടാം നിലയും കൊമേഴ്‌സ്യല്‍ ആവശ്യങ്ങള്‍ക്കായി നല്‍കും. സോളാര്‍, ജനറേറ്റര്‍ എന്നീ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയതാണ് അത്താണിയിലെ കെ ആര്‍ നാരായണന്‍ സ്മാരക മന്ദിരം.

സംഘത്തിന് ഹെഡ് ഓഫീസിന് പുറമെ തെക്കുംകര, വേലൂര്‍, അത്താണി എന്നീ സ്ഥലങ്ങളില്‍ ബ്രാഞ്ചുകളും വടക്കാഞ്ചേരിയില്‍ എക്സ്റ്റന്‍ഷന്‍ കൗണ്ടറും പ്രവര്‍ത്തിക്കുന്നുണ്ട്.

കെട്ടിടത്തിന്റെ സ്മാരക ഹാള്‍ ഉദ്ഘാടനം എംഎല്‍എ എ സി മൊയ്തീന്‍ നിര്‍വഹിച്ചു. ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രനും ക്യാഷ് കൗണ്ടര്‍ ഉദ്ഘാടനം കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം കെ കണ്ണനും സ്‌ട്രോങ്ങ് റൂമിന്റെയും ലോക്കറിന്റെയും ഉദ്ഘാടനം തൃശൂര്‍ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ടി കെ ലളിതാംബികയും ലിഫ്റ്റ് ഉദ്ഘാടനം വടക്കാഞ്ചേരി ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം ആര്‍ അനൂപ് കിഷോറും നിര്‍വഹിച്ചു.

എം എല്‍ എ സേവിയര്‍ ചിറ്റിലപ്പിള്ളി അധ്യക്ഷനായിരുന്നു. സഹകരണ സംഘം പ്രസിഡന്റ് ഇ കെ ദിവാകരന്‍ സ്വാഗതം പറഞ്ഞു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.