ഒപി ഉമ്മറിന്റെ സത്യസന്ധതയില്‍ അഭിനന്ദന പ്രവാഹം

Update: 2021-12-05 09:06 GMT

മരുത: ജീവിത പ്രാരാബ്ദവും പേറി വാടകവീട്ടില്‍ കഴിയുമ്പോഴും സത്യസന്ധതയില്‍ ഒരു വിട്ടുവീഴ്ചക്കും തയാറാകാത്ത മരുത കെട്ടുങ്ങലില്‍ താമസിക്കുന്ന ഓട്ടുപാറ ഉമ്മറിനു അഭിനന്ദന പ്രവാഹം. നിലമ്പൂര്‍ ടൗണില്‍ കളഞ്ഞുകിട്ടിയ മൂന്നരപവന്‍ സ്വര്‍ണം ഉടമയെ കണ്ടെത്തി തിരികെ ഏല്‍പിക്കാന്‍ സന്മനസുകാണിച്ച ആ നല്ല മനസ്സിനെത്തേടിയാണ് അഭിനന്ദനങ്ങള്‍ എത്തുന്നത്. കഴിഞ്ഞദിവസമാണ് ഉമ്മറിനും ഭാര്യ ആമിന കുട്ടിക്കും സ്വര്‍ണം കളഞ്ഞുകിട്ടുന്നത്. അതു കയ്യില്‍ സൂക്ഷിച്ച അദ്ദേഹം എങ്ങനെയും ഉടമയെ കണ്ടെത്തി തിരികെ ഏല്‍പ്പിക്കണമെന്ന ഉറച്ച ആഗ്രഹം ആയിരുന്നു മനസ്സില്‍. അതിനായി ഏറെ അലഞ്ഞ ഉമ്മര്‍ ഒടുവില്‍ ഉടമയായ കരിമ്പുഴ ആലുങ്ങല്‍ മഹാളി മുഹമ്മദ് ഹാശിം എന്നയാളെ കണ്ടെത്തി. ഇന്ന് വഴിക്കടവ് പോലിസിന്റെ സാന്നിധ്യത്തില്‍ സ്വര്‍ണം തിരികെ നല്‍കിയപ്പോള്‍ സത്യസന്ധതക്ക് മാതൃകയാവുകയായിരുന്നു ഉമ്മറും ഭാര്യ ആമിനയും. സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവര്‍ ദമ്പതികളെ അഭിനന്ദിച്ചു. മരുത അബ്ദുല്‍ ലത്തീഫ് മൗലവി അദ്ദേഹത്തിന്റെ സത്യസന്ധതയില്‍ അഭിനന്ദിക്കുകയും ഈ പ്രവൃത്തി എല്ലാവര്‍ക്കും മാതൃകയാണെന്നും പറഞ്ഞു. വഴിക്കടവ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ടി. അജയ് കുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ കുരിക്കള്‍ ശിഹാബ്, സി കെ നാസര്‍, മഹല്ല് പ്രസിഡന്റ് പി പി അബ്ദുല്ല മൗലവി, ഖത്തീബ് സി ഹംസ വഹബി എന്നിവര്‍ അഭിനന്ദിച്ചു. മഹല്ല് ഭാരവാഹികളായ ഇ കെ സലാം ഹാജി, പി ടി ബാപ്പുട്ടി, ആക്കപറമ്പന്‍ ശിഹാബ് എന്നിവര്‍ സംബദ്ധിച്ചു.