ഗാസിയാബാദില്‍ ആഘോഷത്തിന്റെ മണിക്കൂറുകള്‍; കര്‍ഷക പ്രതിഷേധക്കാര്‍ മധുരം വിതരണം ചെയ്തു

Update: 2021-11-19 06:08 GMT

ന്യൂഡല്‍ഹി: കാര്‍ഷിക നിയമം പിന്‍വലിക്കുമെന്ന നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ഗാസിയാബാദ് ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക പ്രതിഷേധക്കാര്‍ മധുരം വിതരണം ചെയ്തു. ഇത്തരമൊരു തീരുമാനം എടുത്തതില്‍ സമരക്കാര്‍ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു.

''പ്രധാനമന്ത്രി എടുത്ത തീരുമാനത്തില്‍ അദ്ദേഹത്തോട് നന്ദി പറയുന്നു. കാര്‍ഷിക നിയമം പിന്‍വലിച്ചാല്‍ അത് സര്‍ക്കാരിന്റെ പരാജയമാണെന്ന് ചിലര്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ വലിയൊരു സ്ഥാപനമാണ്. കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ തീരുമാനിച്ചത് സര്‍ക്കാരിന്റെ പരാജയമല്ല''-പ്രതിഷേധക്കാരിലൊരാളെ ഉദ്ധരിച്ച എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

''സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നു. അവര്‍ക്കത് നേരത്തെ ചെയ്യാമായിരുന്നു''- മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

''വിജയം സമരത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുന്നു. കര്‍ഷകരുടെ വാക്കുകള്‍ രാജ്യത്താകമാനം പ്രചരിപ്പിച്ചവര്‍ക്കും സമരത്തോടൊപ്പം നിന്നവര്‍ക്കും നന്ദി പറയുന്നു''- പ്രതിഷേധക്കാരിലൊരാളുടെ അഭിപ്രായം ഇങ്ങനെ. 

2020 ല്‍ നിയമം പാസ്സാക്കിയതു മുതല്‍ കര്‍ഷകര്‍ അതിനെതിരേ സമരം ചെയ്യുകയാണ്. ആദ്യം പഞ്ചാബില്‍ തുടങ്ങിയ സമരം ഘട്ടംഘട്ടമായി ഡല്‍ഹി അതിര്‍ത്തിയിലെത്തുകയും രാജവ്യാപകമാവുകയും ചെയ്യുകയായിരുന്നു.