എക്‌സൈസ് പരിശോധനക്കിടെ നിര്‍ത്താതെ പോയ വാഹനം നിരവധി വാഹനങ്ങളില്‍ ഇടിച്ചു; നാല് ചാക്ക് കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

Update: 2021-11-06 04:21 GMT

പാലക്കാട്: കഞ്ചിക്കോട് വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയി നിരവധി വാഹനങ്ങളിലിടിച്ച കാറില്‍ നിന്നും നാല് ചാക്ക് കഞ്ചാവ് എക്‌സൈസ് പിടികൂടി. മഞ്ചേരി സ്വദേശികളായ രാജേഷ്, ശിഹാബ് എന്നിവരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

വേളന്താവളത്തുനിന്ന് വൈസ് പാര്‍ക്ക് വഴി കഞ്ചിക്കോട് എത്തിയ കാര്‍ എക്‌സൈസിന്റെ വാഹന പരിശോധനയില്‍ നിര്‍ത്താതെ പോവുകയായിരുന്നു. ഇതോടെ കാറിനെ എക്‌സൈസ് സംഘം പിന്തുടര്‍ന്നു. സിനിമാ സ്‌റ്റൈലില്‍ അമിത വേഗതയില്‍ പോയ വാഹനം ടാങ്കര്‍ ലോറി ഉള്‍പ്പടെ നിരവധി വാഹനങ്ങളില്‍ ഇടിച്ചു. കഞ്ചിക്കോട് നരകംപുള്ളിയിലെത്തിയപ്പോള്‍ ഡിവൈഡറിലിടിച്ച് ടയര്‍ പൊട്ടിയതോടെയാണ് നിന്നത്. വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേരെയും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.