കോഴിക്കോട് നഗരത്തില്‍ അനിയന്ത്രിതമായി സിസി പെര്‍മിറ്റ് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണം: ഓട്ടോ സംയുക്ത സമര മുന്നണി

Update: 2021-11-03 12:54 GMT

കോഴിക്കോട്: നഗരത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് അനിയന്ത്രിതമായി സിസി പെര്‍മിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം പിന്‍വലിക്കണമെന്ന് ഓട്ടോ സംയുക്ത സമര മുന്നണി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനത്തിനു ശേഷം തകര്‍ന്ന തൊഴില്‍ മേഖലയെ പരിപൂര്‍ണമയും തകര്‍ക്കുന്നതാണ് തീരുമാനമെന്ന് സമര മുന്നണി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. അനിയന്ത്രിതമായി സിസി പെര്‍മിറ്റ് നല്‍കാനുള്ള തീരുമാനം പുന:പരിശോധിക്കണം. അതോടൊപ്പം ഗതാഗത വകുപ്പു മന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ഇ-ഫീഡര്‍ സംവിധാനം സ്ഥിതി കൂടുതല്‍ ഗുരുതരമാക്കും. അതുകൊണ്ട് ഇ-ഫീഡര്‍ സംവിധാനം നടപ്പാക്കരുത്. പെട്രോളിയം ഉല്‍പന്നങ്ങളുടെ നിരന്തരമായ വില വര്‍ദ്ധനവ് തൊഴിലാളികളുടെ ജീവിതം താറുമാറാക്കുന്നതാണ്. വര്‍ഷങ്ങള്‍ക് മുമ്പാണ് ഓട്ടോ ചാര്‍ജ് പുതുക്കിയത്. അതിനിടയില്‍ പെട്രോളിയും ഉല്‍പന്നങ്ങളുടെയും സ്‌പെയര്‍ പാര്‍ട്‌സുകളുടെയും ചാര്‍ജ് പല മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. ഓട്ടോ ചാര്‍ജ് പുതുക്കി നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണവണമെന്നും സമര സമിതി കണ്‍വീനര്‍ തല്‍ഹത്ത് വെള്ളയില്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.