വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു; പ്രസിഡന്റ് ജബീന ഇര്‍ഷാദ്
കൊച്ചി: വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് രണ്ട് വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. ജബീന ഇര്‍ഷാദാണ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. സംഘടനയുടെ സംസ്ഥാന പ്രതിനിധി സമ്മേളനത്തിലായിരുന്നു പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്.
സംസ്ഥാന പ്രതിനിധി സമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ഇ സി ആയിഷ ഉദ്ഘാടനം ചെയ്തു. മൂര്‍ത്തമായ പ്രവര്‍ത്തന പദ്ധതികള്‍ക്കൊപ്പം ശക്തമായ ആശയ സമര്‍പ്പണത്തിന്റെയും നീതിക്കായുള്ള പോരാട്ടത്തിന്റെയും ഇടങ്ങള്‍ കേരളത്തിനു സമര്‍പ്പിക്കാന്‍ വിമന്‍ ജസ്റ്റിസിന് സാധ്യമായിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
ജനറല്‍ സെക്രെട്ടറിമാരായി ഉഷാകുമാരി, സുബൈദ കക്കോടി എന്നിവരെ തിരഞ്ഞെടുത്തു. അസൂറ ടീച്ചര്‍, മിനി വേണുഗോപാല്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍, മുംതാസ് ബീഗമാണ് ഖജാന്‍ജി. സെക്രട്ടറിമാരായി സുഫീറ എരമംഗലം, ചന്ദ്രിക കൊയിലാണ്ടി, സീനത്ത് കോക്കൂര്‍, ഫാഇസാ കരുവാരക്കുണ്ട്, റഹീന വയനാട് എന്നിവരെ തിരഞ്ഞെടുത്തു.
സമ്മേളനത്തില്‍ ജബീന ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. സുബൈദ കക്കോടി, ഉഷാകുമാരി, ചന്ദ്രിക കൊയ്‌ലാണ്ടി എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി വേണുഗോപാല്‍, മുംതാസ് ബീഗം, ചന്ദ്രിക കൊയ്‌ലാണ്ടി, സുഫീറ എരമംഗലം എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹമീദ് വാണിയമ്പലം, നജ്ദാ റൈഹാന്‍, സജീദ് ഖാലിദ് സംബന്ധിച്ചു.
