മണിപ്പൂരില്‍ സായുധര്‍ ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്തു; അഞ്ച് മരണം

Update: 2021-10-13 04:33 GMT

കാംഗ്‌പോക്ക്പി: മണിപ്പൂരിലെ ബി കാംഗ്‌പോക്ക്പി ജില്ലയിലെ ഗാംനോമില്‍ സായുധര്‍ അഞ്ച് പേരെ വെടിവച്ചുകൊന്നു. നിരായുധരായ ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലിസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ലുന്‍സി കിപ്‌ജെന്‍ പറഞ്ഞു.

മരിച്ച അഞ്ച് പേരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചു. രണ്ടെണ്ണം ഇനിയും ലഭിക്കാനുണ്ട്.

കുക്കി നാഷണല്‍ ഫ്രണ്ടില്‍ പെട്ട സായുധരാണ് സംഭവത്തിനു പിന്നിലെന്നാണ് നിഗമനം. നേരത്തെ പോലിസ് വെടിവച്ചുകൊന്ന രണ്ട് സായുധരുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ക്കു നേരെയാണ് വെടിവയ്പുണ്ടായത്.

വെടിവയ്പു തുടങ്ങിയതോടെ ഗ്രാമീണര്‍ ചിതറിയോടി. അതിനിടയിലാണ് അഞ്ച് പേര്‍ മരിച്ചത്. ഇംഫാല്‍ പോലിസിന്റെ കമാന്റോ വിഭാഗവും അസം റൈഫില്‍സും ഗ്രാമത്തില്‍ വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ട്.

ഒക്ടോബര്‍ 9നും 10ഉം ഇതേ പ്രദേശത്ത് സുരക്ഷാസേനയും സായുധരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. അതില്‍ നാല് സായുധര്‍ കൊല്ലപ്പെടുകയും ചെയ്തു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ജനക്കൂട്ടത്തിനു നേരെ പ്രകോപിതരാവാന്‍ കാരണമെന്താണെന്ന് വ്യക്തമല്ല.

Similar News