പാലക്കാട്: ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് കൊവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന ചെറുകിട / വന്‍കിട ഫാക്ടറി തൊഴിലാളികള്‍, സഹകരണ ആശുപത്രിയിലെ ജീവനക്കാര്‍, മറ്റ് സഹകരണ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍, തോട്ടങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ലഭിക്കാത്ത തൊഴിലാളികള്‍ എന്നിവര്‍ക്ക് 1000 രൂപ വീതം ധനസഹായം അനുവദിക്കുമെന്ന് ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി തൊഴിലാളികളുടെ പേര് വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട്, ആധാര്‍ നമ്പര്‍ എന്നിവ ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് വെബ്‌സൈറ്റായ www.labourwelfarefund.in ല്‍ ഉടന്‍ അപ്ലോഡ് ചെയ്യണം. കൊവിഡ് 19 ന്റെ ഭാഗമായി ആനുകൂല്യം ലഭിച്ചിട്ടുള്ള തൊഴിലാളികള്‍, സര്‍ക്കാര്‍ പൊതുമേഖലയില്‍ മാസവേതനം ലഭിച്ചിട്ടുള്ളവര്‍, മറ്റ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിച്ചിട്ടുള്ളവര്‍ക്ക് ഈ ആനുകൂല്യത്തിന് അര്‍ഹതയില്ല. ഫോണ്‍ 0491 2505135.
കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായ എല്ലാ തൊഴിലാളികള്‍ക്കും ധനസഹായമായി മൊത്തം 210 കോടിയില്‍പരം രൂപ വിതരണം ചെയ്യാന്‍ നിര്‍ദേശിച്ച് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി ഉത്തരവിട്ടിരുന്നു. മൊത്തം 210,32,98,000 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്യുക. ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായ എല്ലാ തൊഴിലാളികള്‍ക്കും 1000 രൂപയുടെ ധനസഹായം അനുവദിക്കാനാണ് ഉത്തരവ്. ധനക്കമ്മിയുള്ള ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും. ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍മാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലേബര്‍ കമ്മീഷണര്‍ അടിയന്തരമായി തുക കൈമാറ്റം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
