കൊവിഡ്; കൂടുതല്‍ കിടക്കകള്‍ സജ്ജീകരിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ലുധിയാന ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം

Update: 2021-03-19 02:12 GMT

ലുഥിയാന: കൊവിഡ് വ്യാപകമായ സാഹചര്യത്തില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജീകരിക്കാന്‍ ലുധിയാന ജില്ലാ ഭരണകൂടം സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി. കൊവിഡ് രണ്ടാം വരവില്‍ ആശുപത്രി സജ്ജീകരണങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാണ് നടപടി.

ജില്ലയില്‍ കൊവിഡ് ചികില്‍സാ സജ്ജീകരണങ്ങള്‍ വര്‍ധപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ വരിന്ദര്‍ കുമാര്‍ ശര്‍മ, പോലിസ് കമ്മീഷണര്‍ രാകേഷ് അഗര്‍വാള്‍ തുടങ്ങിയവര്‍ അറിയിച്ചു. കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ മരണനിരക്ക് കുറച്ചുകൊണ്ടുവരുന്നതിനുള്ള മാര്‍ഗമാണ് ഇതെന്നും ഇരുവരും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

സ്വകാര്യ ആരോഗ്യ സംവിധാനങ്ങളുടെ നടത്തിപ്പുകാരുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇരുവരും ഇത്തരമൊരു ആവശ്യം ആദ്യം ഉന്നയിച്ചത്. പ്രായമായവര്‍, അസുഖബാധിതര്‍ തുടങ്ങിയവരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ഏക മാര്‍ഗവും ഇതാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,387 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കാനും നടപടി തുടങ്ങിയിട്ടുണ്ട്.

അതിനിടയില്‍ ജനന്ധര്‍, ലുധിയാന ജില്ലകളില്‍ രാത്രി കര്‍ഫ്യൂ ആരംഭിച്ചിട്ടുണ്ട്. രാത്രി 9 മുതല്‍ രാവിലെ 5 വരെയാണ് കര്‍ഫ്യൂ.

പഞ്ചാബില്‍ ഇതുവരെ 2,05,418 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.