പാണക്കാട് വിവാദ പരാമര്‍ശം: വിജയരാഘവനെ തിരുത്തി പാര്‍ട്ടി

ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം സെക്രട്ടേറിയറ്റ്

Update: 2021-02-02 07:41 GMT

തിരുവനന്തപുരം: മതാധിഷ്ഠിത കക്ഷികളുമായുള്ള കൂട്ടുകെട്ടിനാണ് കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട് സന്ദര്‍ശിച്ചതെന്ന വിവാദപരാമര്‍ശം നടത്തിയ സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന് പാര്‍ട്ടിയുടെ തിരുത്ത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ അഭിപ്രായം പറയുമ്പോള്‍ ജാഗ്രത പാലിക്കണമെന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍. കഴിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിജയരാഘവനെ പാര്‍ട്ടി തിരുത്തിയത്.

കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നിയമസഭ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ 27ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിജയരാഘവന്‍ മതാതിഷ്ഠിത രാഷ്ട്രീയ കക്ഷികളുമായി കൂട്ടുകെട്ടുണ്ടാക്കാനാണ് നേതാക്കളുടെ സന്ദര്‍ശനമെന്ന കോളിളക്കം സൃഷ്ടിച്ച പരാമര്‍ശം നടത്തിയത്.

ഇതിനിടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വിവാദ പരാമര്‍ശത്തിനെതിരേ രംഗത്ത് വന്നു. ഇത്തരം പ്രസ്താവനകള്‍ വേണോ എന്ന് തീരുമാനിക്കേണ്ടത് വിജയരാഘവന്‍ തന്നെയാണെന്നും വര്‍ഗ്ഗീയത മുന്നോട്ട് വയ്ക്കുന്നവര്‍ നിക്ഷിപ്ത താല്‍പര്യക്കാരെന്നും കാനം രാജേന്ദ്രന്‍ കോട്ടയത്ത് പറഞ്ഞു.



Tags: