ഗെയില്‍ പദ്ധതി: കേരളത്തിന്റെ വികസനത്തില്‍ എല്‍ഡിഎഫിന്റെ പ്രതിബദ്ധതയുടെ ഭാഗമെന്ന് തോമസ് ഐസക്ക്

Update: 2021-01-05 10:33 GMT

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തില്‍ എല്‍ഡിഎഫിനുള്ള പ്രതിബദ്ധതയുടെ ഏറ്റവും തിളക്കമുള്ള അടയാളപ്പെടുത്തലാണ് ഗെയില്‍ പദ്ധതിയെന്ന് കേരള ധനമന്ത്രി ഡോ. തോമസ് ഐസക്ക്. അക്ഷരാര്‍ത്ഥത്തില്‍ ഉപേക്ഷിക്കപ്പെട്ട ഈ ബൃഹദ് പദ്ധതിയെ പുനരുജ്ജീവിപ്പിച്ച്, എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് യാഥാര്‍ത്ഥ്യമാക്കി ഇന്ന് നാടിനു സമര്‍പ്പിക്കുമ്പോള്‍, ഈ സര്‍ക്കാരിന്റെ ഇച്ഛാശക്തിയെ കേരളം ഒറ്റമനസോടെ അംഗീകരിക്കുകയാണെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ എഴുതി. പദ്ധതിയെ എതിര്‍ത്ത രാഷ്ട്രീയപ്രസ്ഥാനങ്ങളെയും മന്ത്രി പരിഹസിച്ചു.

കൊച്ചി മംഗലാപുരം പാതയില്‍ 510 കിലോമീറ്ററിലാണ് കേരളത്തില്‍ പൈപ്പ് ലൈന്‍ ഇട്ടത്. ഇതില്‍ 470 കി മീ പൈപ്പ് ലൈന്‍ പിണറായി വിജയന്‍ മന്ത്രിസഭയുടെ കാലത്താണ് ഇട്ടത്ത്. 22 സ്‌റ്റേഷനുകളും ഈ കാലയളവില്‍ നിര്‍മിച്ചു.

തങ്ങളുടേത് ജനപക്ഷ സമീപനമാണെന്നും എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റേത് ജനപക്ഷ സമീപനമായിരുന്നില്ലെന്നും മന്ത്രി ഐസക് അവകാശപ്പെട്ടു.

''എല്‍ഡിഎഫിന് അങ്ങനെയല്ലാതെ പദ്ധതികളേറ്റെടുക്കാനും കഴിയില്ല. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കു പരിഹാരം കാണാനുള്ള പ്രാപ്തിയും സാമര്‍ത്ഥ്യവും കമ്മിയായിരുന്നതുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാരിന് ഈ പദ്ധതിയെ ഒരിഞ്ചു ചലിപ്പിക്കാന്‍ കഴിയാതിരുന്നത്. എല്ലാ പ്രതീക്ഷയും നശിച്ചപ്പോള്‍ 2014 ആഗസ്റ്റില്‍ എല്ലാ കരാറുകളും ഗെയില്‍ അവസാനിപ്പിച്ചു. പദ്ധതിയ്ക്ക് ഏതാണ്ട് ഫുള്‍സ്‌റ്റോപ്പു വീണു.'' ആ പദ്ധതിയാണ് ഇടത് പക്ഷം പുനഃരുജ്ജീവിപ്പിച്ചതെന്ന് ഐസക് അഭിപ്രായപ്പെട്ടു. 

ജമാഅത്തെ ഇസ് ലാമിയും എസ്ഡിപിഐയുമാണ് പദ്ധതിക്കെതിരേ രംഗത്തുവന്നതെന്നും അത്തരം പാര്‍ട്ടികള്‍ക്കത് വീണ്ടുവിചാരത്തിന്റെ കാലമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ കാലത്ത് പദ്ധതി നടപ്പാക്കുന്ന സമയത്ത് എല്‍ഡിഎഫും സമരരംഗത്തിറങ്ങിയിരുന്നെങ്കിലും അക്കാര്യം അദ്ദേഹം സൂചിപ്പിച്ചിട്ടില്ല. 

Similar News