കോഴിക്കോട്: ഇന്ന് അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, മലപ്പുറം ജില്ലകളില്‍ പോളിങ് ആരംഭിച്ചു. മിക്ക ബൂത്തുകളിലും വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. മലപ്പുറത്ത് ഒരിടത്ത് യന്ത്രം തകരാറിലായിട്ടുണ്ട്. അത് മാറ്റിസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരും ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുമുള്ള ജില്ല മലപ്പുറമാണ്. കൊവിഡ് സാഹചര്യത്തില്‍ 1.5 ലക്ഷം പ്രവാസികള്‍ നാട്ടിലുള്ളതിനാല്‍ ഇവിടെ പോളിങ് ശതമാനം വര്‍ധിക്കാനിടയുണ്ട്.
കോഴിക്കോട് ജില്ലയിലും വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ചിലയിടങ്ങളില്‍ ആറ് മണി മുതല്‍ വോട്ടര്‍മാര്‍ ക്യൂവില്‍ ഇടം പിടിച്ചിരുന്നു. സാമൂഹിക അകലം കൃത്യമായി പാലിക്കുന്നുണ്ടെന്നാണ് വിവരം.
നാല് ജില്ലകളിലായി 2,911 ബൂത്തുകള്‍ പ്രശ്‌നബാധിതമായി പ്രഖ്യാപിച്ച് കമ്മീഷന്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. വൈകീട്ട് ആറ് വരെ പോളിങ് നീണ്ടുനില്‍ക്കും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 51,285 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
354 തദ്ദേശ സ്ഥാപനങ്ങളിലെ 6,867 വാര്‍ഡുകളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. 42.87 ലക്ഷം പുരുഷന്മാരും 46.87 ലക്ഷം സ്ത്രീകളും 86 ട്രാന്‍സ് ജെന്റര്‍മാരും അടക്കം 89.74 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് വോട്ടുചെയ്യാന്‍ അര്‍ഹത നേടിയിട്ടുള്ളവര്‍. കോഴിക്കോട് മാവൂര്‍ പഞ്ചായത്തിലെയും കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെയും ഓരോ വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ചിട്ടുണ്ട്.
