ചട്ടങ്ങള്‍ ലംഘിച്ച് കരാറുകളെന്ന് ആരോപണം: ഊരാളുങ്കല്‍ സൊസൈറ്റിക്കെതിരേ രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് പരാതി നല്‍കി
തിരുവനന്തപുരം: കോടിക്കണക്കിന് രൂപയുടെ കരാറുകള്‍ ചട്ടങ്ങള്‍ ലംഘിച്ച് ഊരാളുങ്കല്‍ സൊസൈറ്റി അടക്കമുള്ള ഏജന്‍സികള്‍ക്ക് നല്‍കിയതിലെ അഴിമതിയും ധൂര്‍ത്തും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഗവര്‍ണറോട് രേഖാമൂലം ആവശ്യപ്പെട്ടു. നിയമസഭയില്‍ വിവിധ നിര്‍മിതികള്‍ നടത്തിയതിലും മോടിപിടിപ്പിച്ചതിലും കരാര്‍ നല്‍കിയപ്പോള്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്നാണ് പരാതി. ശങ്കര നാരായണന്‍ തമ്പി ഹാള്‍ പൊളിച്ച് പണിതതിലും കസേരകള്‍ മാറ്റുന്നതിലും കരാര്‍ കൊടുത്തതില്‍ അഴിമതി നടന്നെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഹാള്‍ പൊളിച്ചു പണിതതിന് 16.65 കോടി രൂപയ്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി കരാറും നല്‍കിയിട്ട് അതിന്റെ ഏതാണ്ട് പകുതി രൂപയ്ക്ക് പണി തീര്‍ത്തിട്ടുണ്ടെങ്കില്‍ എസ്റ്റിമേറ്റ് ചെയ്തതിന്റെ പ്രശ്‌നമാണെന്ന് ചെന്നിത്തല ആരോപിച്ചു. 2018 ല്‍ ഒന്നാം കേരള സഭ ചേരുമ്പോള്‍ ഇരിപ്പിടങ്ങള്‍ മാറ്റുന്നതിന് മാത്രമായി 1.84 കോടി രൂപ ചെലവാക്കി എന്ന ആരോപണം സ്പീക്കര്‍ ശരിവച്ചിരുന്നു. ആ കസേരകള്‍ വീണ്ടും ഉപയോഗിച്ചു എന്നാണ് സ്പീക്കര്‍ അവകാശപ്പെടുന്നത്. അക്കാര്യത്തില്‍ സംശയമുണ്ട്. അതും അന്വേഷിക്കണം. സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തില്‍പ്പെട്ട് നട്ടം തിരിയുമ്പോള്‍ ഇത്രയേറെ കോടികള്‍ മുടക്കി ഹാള്‍ നവീകരിച്ചതെന്തിന് എന്ന ചോദ്യത്തിന് സ്പീക്കര്‍ യുക്തിസഹമായ മറുപടി നല്‍കിയിട്ടില്ല- പരാതിയില്‍ പറയുന്നു.
ഹാള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാടകയ്ക്ക് കൊടുക്കാമെന്നാണ് സ്പീക്കര്‍ പറയുന്നത്. തന്ത്രപ്രധാനമായ സ്ഥലമാണ് നിയമസഭാ സമുച്ചയം. 24 മണിക്കൂറും പൊലിസ് കാവലുള്ള ഹൈ സെക്യൂരിറ്റി ഏരിയ. അവിടെത്തെ ഹാള്‍ കല്യാണത്തിനും ആഘോഷത്തിനും വാടകയ്ക്ക് കൊടുക്കുന്നതെങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. ചീഫ് കണ്‍സള്‍ട്ടന്റ് തിരുവനന്തപുരത്ത് വരുമ്പോള്‍ തങ്ങുന്നതിന് മാത്രമായി 25,000 രൂപ പ്രതിമാസ വാടകയ്ക്ക് ഫ്‌ളാറ്റ് എടുത്ത ധൂര്‍ത്തിനെയും ചെന്നിത്തല വിമര്‍ശിച്ചു.