ദ്വാരമിട്ട് അടയാളപ്പെടുത്തിയ സിവില്‍ ഐഡി കാര്‍ഡുകള്‍ അസാധു: വിദേശപൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Update: 2020-11-21 11:30 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികളുടെ കൈവശമുള്ള ദ്വാരമിട്ട് അടയാളപ്പെടുത്തിയ സിവില്‍ ഐഡി കാര്‍ഡുകള്‍ അസാധുവാണെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം. അത്തരം കാര്‍ഡുകളുമായി നിലവില്‍ രാജ്യത്തിനു പുറത്ത് കഴിയുന്നവര്‍ക്ക് ഇനി ആ കാര്‍ഡ് ഉപയോഗിച്ച് കുവൈത്തിലേക്ക് തിരിച്ചെത്താന്‍ സാധ്യമല്ല.

ലോക്ക് ഡൗണ്‍ കാലത്ത് ഉദ്യോഗസ്ഥര്‍ വിവിധ കാരണങ്ങളാല്‍ പലരുടെയും സിവില്‍ ഐഡി കാര്‍ഡുകള്‍ വാങ്ങി ദ്വാരമിട്ട് അടയാളപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ വക വിതരണം ചെയ്യപ്പെട്ട സൗജന്യ ഭക്ഷണം സ്വീകരിച്ചവര്‍, ലോക്ക് ഡൗണ്‍ നിയമലംഘനം നടത്തിയവര്‍ മുതലായവരും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. വ്യോമഗതാഗതം പുനഃരാരംഭിച്ച ശേഷം ഇവരില്‍ പലരും നാട്ടിലേക്ക് പോകുകയും ചെയ്തിട്ടുണ്ട്. ഇത്തരക്കാരുടെ മടങ്ങിവരവിന് പ്രതികൂലമായി ബാധിക്കുന്നതാണ് തീരുമാനം.