ഫ്രറ്റേണിറ്റി ഫോറം കൊവിഡ് സുരക്ഷാ ഹാന്‍ഡ് ബുക്ക് പ്രകാശനം ചെയ്തു

Update: 2020-06-21 16:42 GMT

ജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം 'കൊവിഡ്-19 സുരക്ഷാ മുന്‍കരുതലുകള്‍' എന്ന പേരില്‍ പുറത്തിറക്കുന്ന ഹാന്‍ഡ് ബുക്ക് പ്രകാശനം ചെയ്തു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കം ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം 5 ഭാഷകളിലാണ് ഹാന്‍ഡ് ബുക്ക് തയ്യാറാക്കിയിരിക്കുന്നത്. ഇംഗ്ലീഷ് പതിപ്പിന്റെ പ്രകാശനം സൗദി ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം മദായിന്‍ ഫഹദ് ഡിസ്ട്രിക്ട് മാനേജറും ആരോഗ്യ ബോധവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് മാനേജറുമായിരുന്ന ഡോ. മുഹന്നദ് അബ്ദുല്ല അല്‍സഹ്‌റാനി നിര്‍വഹിച്ചു.

ആരോഗ്യ ബോധവല്‍ക്കരണ രംഗത്ത് ഫ്രറ്റേണിറ്റി ഫോറത്തിന്റെ സേവനം പ്രശംസനീയമാണെന്നും, കഴിഞ്ഞ കാലങ്ങളില്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചു നടത്തിയ ക്യാമ്പയിനുകള്‍ ഫലപ്രദവുമായിരുന്നുവെന്നും ഡോക്ടര്‍ മുഹന്നദ് പറഞ്ഞു. ഇംഗ്ലീഷ്, ഉറുദു, മലയാളം, തമിഴ്, കന്നട എന്നീ ഭാഷകളിലാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. മറ്റു ഭാഷകളിലുള്ള ബുക്‌ലെറ്റുകള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ പ്രമുഖ വ്യക്തികള്‍ പ്രകാശനം ചെയ്യുമെന്ന് ഫ്രറ്റേര്‍ണിറ്റി ഫോറം ജിദ്ദ പ്രസിഡന്റ് ഫയാസുദ്ദിന്‍ അറിയിച്ചു.