ഗള്‍ഫില്‍ നിന്നുള്ള പ്രവാസികളുടെ തിരിച്ചുവരവ് ഉടനെന്ന് കേന്ദ്ര സര്‍ക്കാര്‍; ആദ്യ അവസരം കേരളീയര്‍ക്ക്
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ പതിനായിരക്കണക്കിനു പ്രവാസി ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉടന്‍ ആരംഭിച്ചേക്കും. വിമാനങ്ങള്‍ക്കു പുറമെ യുദ്ധക്കപ്പലുകളും വ്യോമസേനയുടെ വിമാനങ്ങളും ഈ ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കും.
യുഎഇയില്‍ കുടുങ്ങിയ മടങ്ങാന്‍ താല്പര്യമുള്ള ഇന്ത്യക്കാരെയാണ് ആദ്യം തിരിച്ചെത്തിക്കുക. അടുത്തത് സൗദി അറേബ്യയും കുവൈത്തും. കേരളത്തില്‍ നിന്നുള്ള പ്രവാസികളെയാണ് ആദ്യം തിരികെയെത്തിക്കുക. കേരളത്തില്‍ പ്രവാസികളെ പാര്‍പ്പിക്കേണ്ട സൗകര്യങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തിലാണ് ഇത്. 2 ലക്ഷം പേരെ ക്വാറന്റീന്‍ ചെയ്യാനും ചികില്‍സിക്കാനുമുള്ള സൗകര്യങ്ങളാണ് കേരളത്തില്‍ സജ്ജമാക്കിയിട്ടുള്ളത്.
പ്രവാസികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു ഭവന്‍ ഓഫിസില്‍ നടന്ന അവസാനവട്ട കൂടിക്കാഴ്ചയ്ക്കു ശേഷം വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിങ്‌ലയാണ് ഇക്കാര്യം അറിയിച്ചത്.
ഇതിനു മുമ്പ് 1990ല്‍ കുവൈത്ത് യുദ്ധസമയത്താണ് ഇതുപോലെ ഒരു ഒഴിപ്പിക്കല്‍ നടന്നത്. അന്ന് കുവൈത്തിലെ 1,70,000 ലക്ഷം ഇന്ത്യക്കാരെയാണ് ഒഴിപ്പിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനികേതര ഒഴിപ്പിക്കലായിരുന്നു അത്. അന്ന് 500 വിമാനങ്ങള്‍ ഇതിനുവേണ്ടി ഉപയോഗപ്പെടുത്തി. രണ്ട് മാസം നീണ്ടുനിന്ന ഈ ശ്രമത്തില്‍ എയര്‍ ഇന്ത്യയുടെ വിമാനങ്ങളാണ് കൂടുതലും ഉപയോഗിച്ചത്. അന്നത്തെ കാലത്ത് അതൊരു റെക്കോഡായിരുന്നു. ഇതിനെ കുറിച്ച് ഒരു സിനിമ തന്നെ ഉണ്ടായി, അക്ഷയ് കുമാറിന്റെ എയര്‍ലിഫ്റ്റ്.
ഇത്തവണ ആദ്യഘട്ടത്തില്‍ 1,90,000 പേരെ തിരികെയെത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വ്യവസായ സ്ഥാപനങ്ങളിലും കമ്പനികളിലുമുള്ള ബ്ലുകോളര്‍ തൊഴിലാളികള്‍ക്കാണ് ആദ്യ അവസരം. അതില്‍ തന്നെ ആരോഗ്യപ്രശ്‌നമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ആദ്യ വിമാനം എന്ന് പറന്നുയരുമെന്ന കാര്യം ഇപ്പോഴും തീരുമാനിച്ചിട്ടില്ല. ഉടന്‍ സംഭവിച്ചേക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
വ്യോമസേനയുടെ ഏറ്റവും വലിയ വിമാനമായ സി 17 ഗ്ലോബ്മാസ്റ്റര്‍ III പ്രവാസികളെ തിരിച്ചെത്തിക്കാന്‍ ഉപയോഗിക്കും. 2015 ല്‍ യമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനും ഇതേ വിമാനം ഉപയോഗിച്ചിരുന്നു. നേവിയുടെ ഐഎന്‍എസ് ജലസ്വയാണ് മറ്റൊരു സാധ്യത.

