ഓട്ടിസം രോഗിക്ക് മരുന്ന് എത്തിച്ച് നല്‍കി പരപ്പനങ്ങാടി പോലീസ്

Update: 2020-05-01 14:38 GMT

പരപ്പനങ്ങാടി: ഓട്ടിസം ബാധിതന് മണിക്കൂറുകള്‍ക്കുള്ളില്‍ അവശ്യമായ മരുന്ന് എത്തിച്ചു നല്‍കി പരപ്പനങ്ങാടി പോലീസ് കുടുംബത്തിന് തുണയായി. പരപ്പനങ്ങാടി സ്വദേശിയും ഓട്ടിസം ബാധിച്ച് ചികില്‍സയില്‍ കഴിയുകയുമായിരുന്ന 12 വയസുകാരന് ആവശ്യമായിരുന്ന മരുന്നാണ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് നിന്ന് വളരെ പെട്ടെന്ന് പരപ്പനങ്ങാടിയില്‍ എത്തിച്ച് നല്‍കിയത്.

കോഴിക്കോട് പി.വി എസില്‍ ലഭ്യമായ മരുന്ന് ലോക്ക് ഡൗണിനെ തുടര്‍ന്ന് വാങ്ങാന്‍ കഴിഞ്ഞിരുന്നില്ല. വേറെ മാര്‍ഗമില്ലാതായതോടെയാണ് കുടുംബം പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടത്. പരപ്പനങ്ങാടി പോലീസ് കോഴിക്കോട് പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് മരുന്ന് സംഘടിപ്പിച്ചു. ഇരു ജില്ലകളിലും പട്രോളിങ്ങില്‍ ഉള്ള പോലീസ് വാഹനങ്ങളില്‍ കൈമാറി മരുന്ന് എത്തിക്കുകയായിരുന്നു.

ലോക്ക് ഡൗണ്‍ തുടങ്ങി ഇതിനോടകം ഇരുപത്തഞ്ചോളം പേര്‍ക്ക് പരപ്പനങ്ങാടി പോലീസ് അവശ്യമരുന്ന് എത്തിച്ച് നല്‍കിയിട്ടുണ്ട്.