കരുളായിയില്‍ പോലീസിന്റെ വന്‍ ചാരായ വേട്ട

Update: 2020-04-29 12:34 GMT

പെരിന്തല്‍മണ്ണ: ചാരായം വില്‍ക്കാന്‍ ശ്രമിച്ചയാളെ കരുളായിയില്‍ പോലിസ് പിടികൂടി. വില്‍പ്പനക്കായി സ്വന്തം വീട്ടുവളപ്പില്‍ വന്‍തോതില്‍ ചാരായം വാറ്റുന്നതിനിടയിലാണ് പാലാങ്കര വട്ടപ്പാടം സ്വദേശി മണ്ടങ്ങോടന്‍ മുസ്തഫ(48)യെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു മുസ്തഫ തൊണ്ടി സഹിതം പോലിസിന്റെ പിടിയിലായത്. വീട്ടില്‍ നിന്ന് 6 ലിറ്റര്‍ വാറ്റുചാരായവും 400 ലിറ്റര്‍ വാഷും പോലീസ് പിടിച്ചെടുത്തു.

പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി.സി ഹരിദാസന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി മോഹന ചന്ദ്രന്‍ എന്നിവര്‍ക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പൂക്കോട്ടുംപാടം പോലീസ് ഇന്‍സ്‌പെക്ടര്‍ പി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കൂടെയുണ്ടായിരുന്ന കല്‍ക്കുളം സ്വദേശി സുധാകരന്‍ ഓടി രക്ഷപ്പെട്ടു.

പിടിച്ചെടുത്ത വാഷ് പേലീസ് നശിപ്പിച്ചു. ലോക്ക് ഡൗണിന്റെ ഭാഗമായി ബാറുകളും ബീവറേജുകളും അടച്ചതോടെ മലയോര മേഖലകളില്‍ വലിയ തോതില്‍ വാറ്റുചാരായം നിര്‍മിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് ശക്തമായ നിരീക്ഷണം നടത്തിവരികയായിരുന്നു.

പ്രതികള്‍ക്കെതിരെ ലോക്ക് ഡൗണ്‍ ലംഘനത്തിനും കേസെടുത്തിട്ടുണ്ട്. എസ്‌ഐ അബ്ദുള്‍ കരീം, സിപിഓമാരായ അഭിലാഷ് എസ്, നിബിന്‍ദാസ് ടി, ബിജു കെ പി, അനീഷ്.എം എസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.