പെരിന്തല്‍മണ്ണയില്‍ മഴക്കാലപൂര്‍വ ശുചീകരണത്തിന് കര്‍മ്മപദ്ധതി

Update: 2020-04-28 10:41 GMT

പെരിന്തല്‍മണ്ണ: കൊവിഡ് 19 ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് മഴക്കാല ശുചീകരണത്തിന് പെരിന്തല്‍മണ്ണ നഗരസഭാ കൗണ്‍സില്‍ യോഗം കര്‍മ്മപദ്ധതി തയ്യാറാക്കി. കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളിലേക്ക് എല്ലാവരുടെയും ശ്രദ്ധ കേന്ദ്രീകരിച്ചത് മറ്റ് ആരോഗ്യ ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഇത് മഴക്കാലമെത്തുന്നതോടെ ഡെങ്കിപ്പനിയടക്കമുള്ള പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുമെന്നതിനാല്‍ നഗരസഭയിലെ ബഹുജനങ്ങളാകെ ഒറ്റക്കെട്ടായി ശുചിത്വ പ്രവര്‍ത്തനത്തില്‍ അണിനിരക്കണമെന്ന് നഗരസഭാ കൗണ്‍സില്‍ യോഗം അഭ്യര്‍ത്ഥിച്ചു.

മെയ് 10 വരെ നീണ്ടു നില്‍ക്കുന്ന മഴക്കാലപൂര്‍വ ശുചീകരണ യജ്ഞത്തില്‍ ഓരോ കുടുംബവും യുവജന സന്നദ്ധ പ്രവര്‍ത്തകരും കുടുംബശ്രീ തൊഴിലുറപ്പ് ആശാ വര്‍ക്കര്‍മാരും അണിനിരക്കും. മെയ് 2, 3 തിയ്യതികളില്‍ െ്രെഡഡേ ആചരിക്കുന്നതിനും ഈ ദിവസം എല്ലാ വീടുകളിലും പുരയിടങ്ങളിലും കുടുംബാംഗങ്ങള്‍ ഒന്നിച്ചിറങ്ങി ശുചീകരണ പ്രവര്‍ത്തനം നടത്താനും കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു.

പുരയിടങ്ങളില്‍ അലക്ഷ്യമായി കിടക്കുന്ന അജൈവ മാലിന്യം ശേഖരിച്ച് നഗരസഭക്ക് കൈമാറല്‍, വെള്ളം കെട്ടി നില്‍ക്കുന്ന ചിരട്ട, കപ്പുകള്‍, കുപ്പികള്‍ എന്നിവ ഒഴിവാക്കി ഉറവിടനശീകണം നടത്തല്‍, സെപ്റ്റിക്ക് ടാങ്കിന്റെ വിള്ളലുകളടക്കല്‍, വെന്റ് പൈപ്പ് കൊതുകുവല ഉപയോഗിച്ച് കെട്ടുക, കുടിവെള്ളം കിണര്‍ ക്ലോറി നൈസേഷന്‍ ചെയ്യല്‍ എന്നീ പ്രവൃത്തികള്‍ പുരയിട ശുചീകരണത്തിന്റെ ഭാഗമായി അതാതു കുടുംബങ്ങള്‍ ഒന്നിച്ചിറങ്ങി നഗരസഭയിലാകെ മെയ് 3 ന് ചെയ്യണം.

എല്ലാ വാര്‍ഡിലെയും പൊതു റോഡുകള്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ വാര്‍ഡ് ശുചിത്വ സമിതി വൃത്തിയാക്കണം. ചാലുകള്‍ മഴവെള്ളമൊഴുക്കിന് തടസ്സമില്ലാത്ത വിധത്തില്‍ കോരി വൃത്തിയാക്കുക, അജൈവ മാലിന്യവും മറ്റുവെള്ളം കെട്ടി നില്‍ക്കുന്ന വസ്തുക്കളും മാറ്റുക, വാര്‍ഡിലെ പൊതു കേന്ദ്രങ്ങള്‍ വൃത്തിയാക്കുക എന്നിവ നടത്തണം. ഇതിന് തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ, സന്നദ്ധ യുവജന സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായം തേടണം.

നഗരസഭാ പ്രദേശത്തെ മുഴുവന്‍ കുളങ്ങള്‍, പൊതുകിണറുകള്‍, ജലസ്രോതസ്സുകള്‍ എന്നിവയിലെ ചെളി, മാലിന്യം, പായല്‍ എന്നിവ നീക്കുന്നതിന് യുവജന സംഘടനകളും ക്ലബ്ബുകളും സഹകരിച്ച് പ്രവര്‍ത്തിക്കണം.

നഗരസഭാ പരിധിയിലെ ദേശീയ സംസ്ഥാന പാതകള്‍, ചാലുകള്‍, മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, പൊതു ശൗചാലയങ്ങള്‍, അതിഥി തൊഴിലാളി കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നഗരസഭാ കണ്ടിജന്‍സ് വിഭാഗവും മറ്റു വിദഗ്ധ തൊഴിലാളികളും ചേര്‍ന്ന് ദശദിന ശുചീകരണ പ്രവര്‍ത്തനം നടത്തും. ചാലുകളിലെ എല്ലാ മാലിന്യങ്ങളും സ്ലാബ് പൊക്കി വൃത്തിയാക്കും.

നഗരസഭ പരിധിയിലെ എല്ലാവിധ ഓഫീസുകളും പരിസരവും വൃത്തിയാക്കാന്‍ അതാത് ഓഫീസ് മേധാവികളും, ജീവനക്കാരും കൂട്ടായി പ്രവര്‍ത്തിക്കണം.ഇതിനാവശ്യമായ സഹായം നഗരസഭ നല്‍കും.

വീടുകളിലും വാര്‍ഡിലെ പൊതു സ്ഥലങ്ങളിലും ഓഫീസുകളിലുമെല്ലാം ശുചീകരണത്തിന്റെ ഭാഗമായി നീക്കം ചെയ്യുന്ന അജൈവ മാലിന്യം നീക്കാന്‍ നഗരസഭ സഹായിക്കും

പ്രളയ സാഹചര്യം ഒഴിവാക്കുന്നത് കൂടി ലക്ഷ്യം വെച്ച് നഗരസഭയിലെ മുഴുവന്‍ തോടുകളും ആഴം വര്‍ദ്ധിപ്പിച്ചും ചെളി കോരിയും വൃത്തിയാക്കും. ഇതിനായുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചും 50 ലക്ഷം രൂപയുടെ ശുചീകരണ പ്രവര്‍ത്തനത്തിനാണ് ഈ കര്‍മ്മ പദ്ധതിയിലൂടെ നഗരസഭ ലക്ഷ്യം വെക്കുന്നത്.

മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ചെയര്‍മാന്‍ എം.മുഹമ്മദ് സലിം നിര്‍വ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പത്തത്ത് ആരിഫ്, സെക്രട്ടറി അബ്ദുള്‍ സജിം, എച്ച്.ഐ കെ. ദിലീപ് കുമാര്‍, കൗണ്‍സിലര്‍മാരായ കെ.സുന്ദരന്‍, കെ. നാസര്‍ കുട്ടി എന്നിവര്‍ സന്നിഹിതരായി.