മാളുകള്‍ക്കും, വാണിജ്യ സ്ഥാപനങ്ങള്‍ക്കും നിബന്ധനകള്‍ പുറപ്പെടുവിച്ച് മുനിസിപ്പല്‍ ബലദിയ്യ മന്ത്രാലയം

Update: 2020-04-26 12:12 GMT

ദമ്മാം: കര്‍ഫ്യൂ ഇളവ് അനുവദിക്കുന്നതിന്റെ ഭാഗമായി വാണിജ്യ സ്ഥാപനങ്ങളും മാളുകളും തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള നിബന്ധനകള്‍ മുനിസിപ്പല്‍ ബലദിയ്യ മന്ത്രാലയം പുറപ്പെടുവിച്ചു.

മാളുകള്‍ക്കുള്ളില്‍ ഇടപാടുകാര്‍ തമ്മില്‍ പത്ത് മീറ്റര്‍ അകം പാലിച്ചിരിക്കണം. കറന്‍സി ഇടപാടുകള്‍ ഒഴിവാക്കണം. സാധനങ്ങള്‍ വാങ്ങിക്കാനെത്തുന്നവര്‍ തമ്മില്‍ പത്ത് മീറ്റര്‍ അകലം പാലിച്ചിരിക്കണം. മാളുകള്‍ക്കുള്ളില്‍ നിസ്‌കാരമുറികള്‍ അടച്ചിരിക്കണം. പൊതു ഇരിപ്പിടങ്ങള്‍ പാടില്ല. ഇലക്‌ട്രോണിക് കവാടങ്ങളല്ലെങ്കില്‍ കവാടങ്ങള്‍ തുറന്നു വെക്കണം. വില്പന നടത്തിയ സാധനങ്ങള്‍ മടക്കി എടുക്കുന്നതും പകരം നല്‍കുന്നതും ഒഴിവാക്കണം. സ്ഥാപനത്തിനു പുറത്ത് വരി ക്രമീകരിക്കണം. അകത്തുള്ള ആളുകള്‍ ക്രമപ്രകാരം പുറത്തു പോയ ശേഷം പുറത്തു കാത്തുനില്‍ക്കുന്നവരെ പ്രവേശിപ്പിക്കുക.

ട്രോളികള്‍, ഇലക്ടോണിക് കോണികള്‍ എന്നിവ ഇടക്കിടെ അണുവിമുക്തമാക്കണം. ജീവനക്കാരും സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരും കയ്യുറകളും മാസ്‌കും ധരിച്ചിരിക്കണം.

കവാടത്തില്‍ പ്രവേശിക്കുന്നവരെ താപനില പരിശോധിക്കണം. 38 ഡിഗ്രിയില്‍ കൂടുതലുള്ളവരെ അകത്ത് പ്രവേശിപ്പിക്കരുത്. പ്രവേശന കവാടങ്ങളില്‍ കയ്യുറയും മാസ്‌കും കരുതിയിരിക്കണം.

ജീവനക്കാര്‍ക്കാര്‍ക്കെങ്കിലും ചെറുതായി പോലും രോഗം സംശയിച്ചാല്‍ ഉടന്‍ ബന്ധപ്പെട്ട ആരോഗ്യ വിഭാഗത്തെ അറിയിക്കണം, ക്വാറന്റീന്‍ ചെയ്യപ്പെടുന്ന ജീവനക്കാര്‍ക്ക് മെഡിക്കല്‍ ലീവ് അനുവദിക്കണം.