ഇത് ജനങ്ങള്‍ നയിക്കുന്ന യുദ്ധം; കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

Update: 2020-04-26 06:24 GMT

ന്യൂഡല്‍ഹി: കൊറോണയ്‌ക്കെതിരേയുള്ള യുദ്ധം ജനങ്ങളുടേതാണെന്നും ജനങ്ങളും ഉദ്യോഗസ്ഥരുമാണ് ഈ യുദ്ധം നയിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ ടെലിവിഷന്‍ പരിപാടിയായ മന്‍ കി ബാത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

''ഇന്ത്യയിലെ കൊറോണയ്‌ക്കെതിരേയുള്ള യുദ്ധത്തിന്റെ ചാലക ശക്തി ജനങ്ങളാണ്. ജനങ്ങളും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഈ യുദ്ധം നയിക്കുന്നത്. ജനങ്ങള്‍ ഈ യുദ്ധത്തിലെ സൈനികരാണ്''- പ്രധാനമന്ത്രി പറഞ്ഞു.

വികസനത്തിന് കൊതിക്കുന്ന, ദാരിദ്ര്യത്തെ ചെറുത്തുതോല്‍പ്പിക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യത്ത് കൊറോണയെ ചെറുത്തുതോല്‍പ്പിക്കാനുളള ഏക മാര്‍ഗവും ഇതാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഭാവിയില്‍ പകര്‍ച്ചവ്യാധികളെകുറിച്ചുള്ള ചര്‍ച്ചകളില്‍ കൊറോണയ്‌ക്കെതിരേയുള്ള ഇന്ത്യന്‍ ജനതയുടെ പ്രതിരോധം സൂചിപ്പിക്കപ്പെടുമെന്ന് തനിക്കുറപ്പുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുദ്ധത്തിന്റെ നടുവിലാണ് മന്‍ കി ബാത്ത് നടക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് മോദി തന്റെ പ്രസംഗം തടുങ്ങിയത്.

ഏറ്റവും അവസാനം മാര്‍ച്ച് 29ന് നടന്ന മന്‍ കി ബാത്തില്‍ കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി സ്വീകരിക്കേണ്ടിവന്ന ശക്തമായ നടപടികളില്‍ അദ്ദേഹം ജനങ്ങളോട് മാപ്പു ചോദിച്ചിരുന്നു.

Tags: