മഹാരാഷ്ട്രയില്‍ ഭരണഘടനാ പ്രതിസന്ധി. ഉദ്ദവിന് മുഖ്യമന്ത്രി പദത്തില്‍ തുടരാനാവുമോ?
മുംബൈ: മഹാരാഷ്ട്ര അതിന്റെ ഏറ്റവും അപകടകരമായ കൊറോണ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സംസ്ഥാനം മറ്റൊരു പ്രതിസന്ധിയിലേക്ക് കടക്കുന്നു. ഉദ്ദവ് താക്കറെക്ക് മുഖ്യമന്ത്രി പദവിയില്‍ തുടരാനാവുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം.
നംവംബര്‍ 28നാണ് ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാവുന്നത്. ആ സ്ഥാനത്ത് തുടരണമെങ്കില്‍ മെയ് 24നു മുമ്പ് അദ്ദേഹം സംസ്ഥാനത്തെ ഏതെങ്കിലുമൊരു സഭയില്‍ അംഗമാവേണ്ടതുണ്ട്. ഒന്നുകില്‍ മഹാരാഷ്ട്ര ലെജിസ്‌ളേറ്റീവ് അസംബ്ലിയിലോ അല്ലെങ്കില്‍ മഹാരാഷ്ട്ര ലജിസ്‌ളേറ്റീവ് കൗണ്‍സിലിലോ. എന്നാല്‍ കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളുമൊക്കെ മാറ്റിവച്ചു.
ഉദ്ദവിന് മുഖ്യമന്ത്രിയായി തുടരണമെങ്കില്‍ ലജിസ്‌ളേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടണം. നിലവില്‍ അതില്‍ രണ്ട് ഒഴിവുകളുണ്ട്. ജനപ്രാതിനിധ്യനിയമം 1951 ലെ സെക്ഷന്‍ 151എ പ്രകാരം ഒഴിവ് വന്ന അംഗം കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷമോ അതില്‍ കുറവോ ഉള്ളൂവെങ്കില്‍ തിരഞ്ഞെടുപ്പു നടത്താനോ നാമനിര്‍ദേശം നടപ്പാക്കാനോ കഴിയില്ല. ലജിസ്‌ളേറ്റീവ് കൗണ്‍സിലില്‍ രണ്ട് ഒഴിവുകളും ജൂണ്‍ 6 ന് കാലാവധി പൂര്‍ത്തിയാവും.
ഇതിനിടയില്‍ താക്കറെയെ ലെജിസ്‌ളേറ്റീവ് കൗണ്‍സിലിലേക്ക് മന്ത്രിസഭ നാമനിര്‍ദേശം ചെയ്‌തെങ്കിലും ഗവര്‍ണര്‍ ബി കെ കോഷിയാരി അനുമതി നല്‍കിയില്ല. ബിജെപിയാണ് ഇതിനു പിന്നിലെന്ന് ശിവസേന ആരോപിച്ചെങ്കിലും തങ്ങള്‍ക്കിതില്‍ പങ്കില്ലെന്ന് ബിജെപി പറയുന്നു, ഇത് രാഷ്ട്രീയ പ്രശ്‌നമല്ലെന്നും ഭരണഘടനാപ്രശ്‌നം മാത്രമാണെന്നുമാണ് അവരുടെ വാദം.
''വിഷയത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഭരണഘടനാവിദഗ്ധരെയോ തിരഞ്ഞെടുപ്പ് കമ്മീഷനെയോ സമീപിക്കണം. ഇതൊരു ഭരണഘടനാ പ്രശ്‌നമാണ്, രാഷ്ട്രീയപ്രശ്‌നമല്ല'' ബിജെപി നേതാക്കള്‍ ആവര്‍ത്തിക്കുന്നു.
തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടിയ സമയത്തുതന്നെ താക്കറെയുടെ പേര് ഗവര്‍ണര്‍ കോഷിയാരിക്ക് മന്ത്രി സഭ നിര്‍ദേശിച്ചിരുന്നു. ഉപരിസഭയിലെ ഒരു ഒഴിവിലേക്കാണ് നാമനിര്‍ദേശം ചെയ്തത്. പക്ഷേ ഇതുവരെ അനുമതി ലഭിച്ചില്ല. ആരാണ് അതിനു പിന്നിലെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് ശിവസേന നേതാക്കള്‍ ബിജെപിയെ കുറ്റപ്പെടുത്തി.
''ബിജെപിയുമായുള്ള ഗവര്‍ണര്‍ കോഷിയാരിയുടെ ബന്ധം രഹസ്യമല്ല. എന്തൊക്കെ സംഭവിച്ചാലും മെയ് 27നു ശേഷവും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ തന്നെയായിരിക്കും''-ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
വരും ദിനങ്ങള്‍ സംസ്ഥാനത്തെ ഉദ്ദവ് താക്കറെ മന്ത്രിസഭയ്ക്ക് പ്രതിസന്ധിയുടേതാണ്.

