മുണ്ടക്കയം ടി ആര്‍ ആന്റ് ടി എസ്റ്റേറ്റില്‍ സര്‍വ്വത്ര നിയമലംഘനം: ലോക്ക് ഡൗണ്‍ കാലത്ത് ശമ്പളവുമില്ല, ഭക്ഷണവുമില്ല
കോട്ടയം: ഇടുക്കി, കോട്ടയം ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന മുണ്ടക്കയം ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടി കമ്പനി ലിമിറ്റഡ് എസ്‌റ്റേറ്റില്‍ തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ കാലം തളളിനീക്കുന്നത് ശമ്പളവും ഭക്ഷണവുമില്ലാതെ. ആയിരത്തോളം പേര്‍ തൊഴിലെടുക്കുന്ന എസ്റ്റേറ്റിലാണ് സര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ കാല നിര്‍ദേശങ്ങള്‍ പരസ്യമായി ലംഘിക്കപ്പെട്ടത്. തൊഴിലാളികള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ശമ്പളവും ആശ്വാസ പാക്കേജും നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. പ്രദേശത്തെ മറ്റ് എസ്റ്റേറ്റുകള്‍ നിര്‍ദേശം പാലിക്കുമ്പോഴാണ് ടി ആര്‍ ആന്റ് ടി എസ്റ്റേറ്റ് മാനേജ്‌മെന്റ് സര്‍ക്കാര്‍ നിര്‍ദേശങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്നത്.
നിലവില്‍ ഇവിടത്തെ തൊഴിലാളികള്‍ക്ക് മാര്‍ച്ചിലെ ശമ്പളം നല്‍കിയിട്ടില്ല. കൂടാതെ ഫെബ്രുവരി മാസത്തിലെ അവധിക്കാശും നല്‍കിയിട്ടില്ല. എസ്‌റ്റേറ്റുകളില്‍ ഓരോ നിശ്ചിത എണ്ണം തൊഴില്‍ ദിനത്തിനും ഒരു അവധി അനുവദിക്കും. അത് വര്‍ഷാവര്‍ഷം അവധിപ്പണം നല്‍കി സെറ്റില്‍ ചെയ്യുകയാണ് ചെയ്യുക. സീനിയോരിറ്റിയനുസരിച്ച് 200 ജോലിക്ക് 10 അവധി, 300 ജോലിക്ക് 15 അവധി എന്ന രീതിയിലാണ് കണക്കുകൂട്ടുന്നത്. ഒരു ദിവസത്തെ അവധിപ്പണം 450 രൂപ വരും. ഫെബ്രുവരിയിലാണ് അവധിപ്പണം നല്‍കേണ്ടത്. ഇത് ഒരാള്‍ക്ക് ഏകദേശം 5000 രൂപയോളം വരും. ആ പണവും ഇതുവരെ നല്‍കിയിട്ടില്ല. കിഴക്കന്‍ പ്രദേശങ്ങളില്‍ കമ്പനികള്‍ വര്‍ഷത്തില്‍ നല്‍കേണ്ട കമ്പിളിക്കാശും കുടയും കുടിശികയാണ്.
അതേസമയം പ്രദേശത്തെ മറ്റ് എസ്റ്റേറ്റുകളായ കുട്ടിക്കല്‍, പഴൂത്തടം, കാഞ്ഞിരപ്പളളി 28 പോലുളള എസ്‌റ്റേറ്റുകള്‍ മാര്‍ച്ചിലെ ശമ്പളം നല്‍കിക്കഴിഞ്ഞു. അതിനും പുറമെ പാക്കേജായി 1500 രൂപയുടെ ഭക്ഷണ കിറ്റും നല്‍കി. അവധിപ്പണവും തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്തിട്ടുണ്ട്.
രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ കാലത്ത് തോട്ടം മേഖലക്ക് സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുണ്ട്. അതിനെ തുടര്‍ന്ന് എസ്റ്റേറ്റിലെ എല്ലാ തൊഴിലാളികളോടും ജോലിയ്ക്ക് ഹാജരാവാന്‍ ആവശ്യപ്പെട്ടെങ്കിലും ശമ്പള കുടിശിക നല്‍കാന്‍ തയ്യാറായില്ല. മാത്രമല്ല, ഇപ്പോള്‍ പണിക്കിറങ്ങിയാലും ജൂണില്‍ മാത്രമേ ശമ്പളം നല്‍കാനാവൂ എന്നും കമ്പനി പറയുന്നു. ഇതോടെ ഇന്നലെ എസ്റ്റേറ്റിലെത്തിയ തൊഴിലാളികള്‍ പണിക്കിറങ്ങാതെ മാറിനിന്നു. ഇന്നും തൊഴിലാളികള്‍ പണിക്കിറങ്ങിയിട്ടില്ല. സിഐടിയു, ഐഎന്‍ടിയുസി യൂണിയനുകളിലുള്ള തൊഴിലാളികളോട് പണിക്കിറങ്ങാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ സമ്മതിച്ചില്ല. ശമ്പളം ലഭിക്കാതെ പണിക്കിറങ്ങില്ലെന്ന ആവശ്യത്തില്‍ അവര്‍ ഉറച്ചുനിന്നു.
പലര്‍ക്കും പതിനയ്യായിരത്തില്‍ കൂടുതല്‍ ശമ്പള ഇനത്തിലും മറ്റും ലഭിക്കാനുണ്ടെന്ന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റ് ബൈജു സ്റ്റീഫന്‍ പറയുന്നു. മാത്രമല്ല, ഇവിടെ നിയമലംഘനം പതിവ് കാഴ്ചയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഓരോ മാസത്തെയും ശമ്പളം അടുത്ത മാസം പതിനഞ്ചാം തിയ്യതിയും ഇരുപത്തഞ്ചാം തിയ്യതിയൊക്കെയാണ് കൊടുക്കുന്നത്. ഇത്തരം കെടുകാര്യസ്ഥതയാണ് 5000ത്തോളം പേര്‍ ജോലിചെയ്തിരുന്ന കമ്പനിയെ ആയിരം തൊഴിലാളികളിലേക്കെത്തിച്ചത്.
1944 ല്‍ സ്‌കോട്ടിഷ് ഉടമസ്ഥതയില്‍ തുടങ്ങിയ ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടി കമ്പനി ലിമിറ്റഡ് സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യന്‍ കമ്പനി ഏറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ മലയാളി കൂടിയായ റാമിന്റെ ഉടമസ്ഥതയിലാണ്. ഹെഡ് ഓഫിസ് പട്ടത്തും.
ശമ്പളം ഉറപ്പുനല്‍കാതെ പണിക്കിറങ്ങില്ലെന്ന നിലപാടില്‍ തൊഴിലാളികള്‍ ഉറച്ചുനില്‍ക്കുന്നു. യൂണിയനുകള്‍ ഇന്ന് വൈകീട്ട് വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. നാളെ ഒരു തീരുമാനത്തിലെത്താനാവുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ.

