ലോക്ക് ഡൗണ്‍ പിന്‍വലിക്കാനായോ? ന്യൂയോര്‍ക്കില്‍ വ്യാപകമായി കൊവിഡ് ആന്റിബോഡി സര്‍വ്വേ ആരംഭിക്കുന്നു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ വ്യാപകമായി കൊവിഡ് ആന്റി ബോഡി പരിശോധന ആരംഭിക്കുന്നു. സംസ്ഥാനത്തെ എത്ര ശതമാനത്തോളം പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്. മാത്രമല്ല, ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിനുള്ള തീരുമാനമെടുക്കുന്നതും ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും.
ന്യൂയോര്‍ക്ക് ഹെല്‍ത്ത് ഡിപാര്‍ട്ട്‌മെന്റ്ാണ് പദ്ധതിക്ക് തുടക്കമിട്ടിട്ടുള്ളത്. റാന്റം സാംപിളിങ് വഴി ഈ ആഴ്ച 3000 പേരുടെ സാംപിളുകള്‍ പരിശോധിക്കും. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യോമോയെ ഉദ്ധരിച്ചുകൊണ്ട് സിന്‍ഹുവ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. ന്യൂയോര്‍ക്ക് സ്‌റ്റേറ്റിലെ സമ്പദ്ഘടനയെ എങ്ങനെയൊക്കെ വീണ്ടും തുറക്കാമെന്ന ആലോചനയുടെ ഭാഗമായാണ് ഇത്തരമൊരു നീക്കമെന്നാണ് അറിയുന്നത്. ആന്റിബോഡിയുടെ സാന്നിധ്യം കൊറോണ വൈറസിനെ ചെറുക്കാന്‍ എത്രമാത്രം സജ്ജമാണെന്നതിനുള്ള സൂചനയും ഈ പരീക്ഷണങ്ങളില്‍ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ശാസ്ത്രജ്ഞര്‍ ഇതിന്റെ കൃത്യതയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് സാംപിളുകളുടെ എണ്ണവും ഇക്കാര്യത്തില്‍ പ്രധാനമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
ആന്റിബോഡി പരിശോധന വഴി ഇത്തരമൊരു തീരുമാനത്തിലെത്താന്‍ കഴിയുമോ എന്നും അത് വിശ്വാസത്തിലെടുക്കാമോ എന്നതിലും വലിയ തോതില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ നമുക്ക് ഇനിയും കൂടുതല്‍ കാര്യങ്ങള്‍ അറിയാനുണ്ടെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ഡയറക്ടര്‍ ഡോ. ആന്റണി ഫൗസി പറയുന്നു.
'സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കാന്‍ ആരംഭിക്കുന്ന ഏതൊരു പദ്ധതിയും ഇത്തരം പരിശോധനയില്‍ നിന്ന് ലഭിക്കുന്ന ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം, മാത്രമല്ല ആന്റിബോഡിയും പരിശോധനയും ആവശ്യമുള്ള സ്‌കെയിലിലാണെന്നും ഉറപ്പാക്കണം. അതുവഴി ആളുകളെ സുരക്ഷിതമായി ജോലിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയും'- ഗവര്‍ണര്‍ ക്യൂമോ പറഞ്ഞു. ന്യൂയോര്‍ക്കിലെ 19.5 ദശലക്ഷം മുതല്‍ 83 ദശലക്ഷം വരെ ജനസംഖ്യയുള്ള ജര്‍മ്മനിയും ഇത്ര തന്നെ സാംപിള്‍ പരിശോധിച്ചുകൊണ്ടാണ് നിഗമനത്തിലെത്തിയതെന്നാണ് ക്യൂമോയുടെ വാദം. ഒപ്പം എത്ര ശതമാനം പേര്‍ക്ക് കൊവിഡ് വൈറസ് പ്രതിരോധശേഷിയുണ്ടെന്ന് നിര്‍ണയിക്കാനും ഈ ആന്റിബോഡി പരിശോധന വഴിയുള്ള സര്‍വ്വെ കൊണ്ട് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂയോര്‍ക്കില്‍ കഴിഞ്ഞ ഞായറാഴ്ച മാത്രം 478 പേര്‍ മരിച്ചു. ഈ അടുത്ത കാലത്തുണ്ടായ കൊവിഡ് മരണങ്ങളില്‍ ഏറ്റവും കുറവാണ് ഇത്.
