ന്യൂഡല്‍ഹി: കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതുക്കിയ ലോക്ക് ഡൗണ്‍ ഇളവുകള്‍ക്കെതിരേ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദുരന്ത നിവാരണ നിയമപ്രകാരം ഏപ്രില്‍ 15 മുതല്‍ കേന്ദ്രം പ്രഖ്യാപിച്ച നിര്‍ദേശങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതാണ് കേരളം പുതുതായി പ്രഖ്യാപിച്ച ഇളവുകളെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. പുതുതായി പ്രഖ്യാപിച്ച ഇളവുകള്‍ സംസ്ഥാനസര്‍ക്കാര്‍ വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ടെന്നും കേന്ദ്രം കുറ്റപ്പെടുത്തുന്നു.
പുതുക്കിയ നിര്‍ദേശങ്ങള്‍ പ്രകാരം വര്‍ക്ക് ഷോപ്പുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍, രണ്ട് പേരെ പിന്‍സീറ്റുകളിലിരുത്തിയുള്ള നാല് ചക്രവാഹനങ്ങളിലെ യാത്ര, സ്‌കൂട്ടറിലെ പിന്‍സീറ്റ് യാത്ര, പുസ്തകശാലകള്‍ തുടങ്ങി വിവിധ ഇളവുകളാണ് സംസ്ഥാനം പ്രഖ്യാപിച്ചിട്ടുള്ളത്. അതിനും പുറമെ മുനിസിപ്പല്‍ പ്രദേശങ്ങളില്‍ ബസ് യാത്രയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്.
മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെയാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 15 ന് അത് മെയ് 3 വരെ നീട്ടുകയും ചെയ്തു. ഹോട്ട് സ്‌പോട്ടുകളല്ലാത്ത ഇടങ്ങളില്‍ ഏപ്രില്‍ 20 മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുമെന്നും കേന്ദ്രം പറഞ്ഞിരുന്നു. എന്നാല്‍ ക്ലസ്റ്റര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളില്‍ ഇളവുകള്‍ നല്‍കുകയുമില്ലെന്നും അറിയിച്ചിരുന്നു. അതിനിടയിലാണ് തങ്ങളുടെ നിര്‍ദേശങ്ങള്‍ അവഗണിച്ചുവെന്ന ആരോപണവുമായി കേന്ദ്രം, സംസ്ഥാനത്തിനെതിരേ രംഗത്തുവന്നിരിക്കുന്നത്.
