കുവൈത്തില്‍ സഹകരണ സംഘം ഷോപ്പിങ് അപ്പോയിന്റ്‌മെന്റുകള്‍ ഓണ്‍ലൈനാക്കി

Update: 2020-04-19 06:04 GMT

കുവൈത്ത് സിറ്റി: സഹകരണ സംഘങ്ങളില്‍ വാണിജ്യ മന്ത്രാലയം ഓണ്‍ലൈന്‍ ഷോപ്പിങ് അപ്പോയിന്റ്‌മെന്റ് ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ ഇഷ്ബിലിയ, ഹദിയ, ഫൈഹ, റൗദ, നഈം, സഹ്‌റ എന്നീ 6 സഹകരണ സംഘങ്ങളിലാണ് പദ്ധതി ആരംഭിച്ചത്. ക്രമേണ മറ്റിടങ്ങളിലേക്കുംവ്യാപിപ്പിക്കും. അതത് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തന പരിധിക്കകത്ത് താമസിക്കുന്നവര്‍ക്ക് മാത്രമാണ് സേവനം പ്രയോജനപ്പെടുത്താനാവുക.

സഹകരണ സംഘങ്ങള്‍ അടക്കമുള്ള സ്ഥലങ്ങളിലെ തിരക്ക് കുറക്കാന്‍ ലക്ഷ്യമിട്ടാണ് ഷോപ്പിങ് ആപ് ആരംഭിച്ചത്. ഇതിന്റെ നടപടിക്രമങ്ങള്‍ താഴെ പറയും പ്രകാരമാണ്.

www.moci.shop എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് സിവില്‍ ഐഡി നമ്പര്‍, സീരിയല്‍ നമ്പര്‍, ഫോണ്‍ നമ്പര്‍, മെയില്‍ ഐഡി തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. തുടര്‍ന്ന് ബുക്കിങ് എന്തിനെന്ന് വ്യക്തമാക്കുക. ബുക്കിങ് സമയം ഉറപ്പിക്കുക. ഉടന്‍ മൊബൈല്‍ ഫോണിലേക്ക് ക്യൂ.ആര്‍ കോഡ് അയക്കും. ഇതുമായി ചെന്നാല്‍ സഹകരണ സംഘങ്ങളില്‍ വരിയില്‍ നില്‍ക്കാതെ സാധനങ്ങള്‍ വാങ്ങാന്‍ കഴിയും.

കഴിഞ്ഞ ആഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും ആറ് സഹകരണ സംഘങ്ങളില്‍ മാത്രമായി ആരംഭിക്കുകയാണ്.  

Tags: