മാനസികാസ്വാസ്ഥ്യം മൂലം കറങ്ങി നടന്ന രണ്ടു പേരെ താനൂര്‍ പോലിസ് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു

Update: 2020-04-06 06:38 GMT

താനൂര്‍: കടുത്ത മാനസികാസ്വാസ്ഥ്യം മൂലം അക്രമകാരികളായി കറങ്ങി നടന്ന രണ്ട് പേരെ താനൂര്‍ പോലിസ് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. രണ്ട് പേരെയും കോഴിക്കോട് കുതിരവട്ടം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മുഹമ്മദ് മകന്‍ മുസ്തഫ(49), കുഞ്ഞാവ മകന്‍ അഷ്‌റഫ്(45) എന്നിവരെയാണ് പോലിസിന്റെയും ട്രോമ കെയര്‍ വാളണ്ടിയര്‍മാരുടെയും നേതൃത്വത്തില്‍ ആശുപത്രിയിലെത്തിച്ചത്.

താനൂരും പരിസരങ്ങളിലും മുഷിഞ്ഞ വേഷവുമായി കറങ്ങി നടന്ന ഇരുവരും വാഹനങ്ങളുടെ ചില്ലുകളും മറ്റും അടിച്ചുപൊട്ടിക്കുകയും വാഹനങ്ങളില്‍ കല്ലുകൊണ്ട് വരയുകയും ഇരുമ്പുകമ്പി കൊണ്ട് ആളുകളെ മര്‍ദ്ദിക്കാനോടിയെത്തുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ട്രോമാ കെയര്‍ വാളണ്ടിയര്‍മാരുടെ സഹായത്തോടെ ഇന്‍സ്‌പെക്ടര്‍ പ്രമോദ് ഇരുവരെയും സ്റ്റേഷനില്‍ കൊണ്ടുവന്ന് കുളിപ്പിച്ച് കുതിരവട്ടത്തെത്തിച്ചത്.

അലഞ്ഞു നടക്കുന്ന ആളുകളെ കണ്ടെത്തി ചികിത്സയും തുടര്‍നടപടികളും സ്വീകരിക്കുന്നതിന് താനൂര്‍ പോലീസ് സ്‌റ്റേഷന്‍ ജനമൈത്രി ബീറ്റ് ഓഫിസര്‍മാരായ വിമോഷ്, പ്രിയങ്ക എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും, ചികിത്സ കിട്ടാതെ അലഞ്ഞു നടക്കുന്ന മനസികരോഗമുള്ള ആളുകളെ കാണുകയാണെങ്കില്‍ താനൂര്‍ ഇന്‍സ്‌പെക്ടര്‍ എസ്എച്ച്്ഒയുടെ 9497987167 ഫോണ്‍ നമ്പറില്‍ വിളിച്ചു അറിയിക്കാവുന്നതാണ് എന്ന് താനൂര്‍ ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ പി പ്രമോദ് അറിയിച്ചു.  

Tags:    

Similar News