സന്നദ്ധ പ്രവര്‍ത്തകരുടെ ബാഹുല്യം ഭീഷണിയാവുന്നു: മന്ത്രി ശശീന്ദ്രന്‍

സന്നദ്ധസേവകരുടെ സഹായം ഈ ഘട്ടത്തില്‍ ഏറെ സഹായകരമാണെങ്കിലും ഓരോ സ്ഥലങ്ങളിലും എണ്ണം ക്രമപ്പെടുത്തേണ്ടതുണ്ട്.

Update: 2020-03-30 10:58 GMT

കല്‍പറ്റ: കൊവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധസേവകരുടെ ബാഹുല്യം നിയന്ത്രണ വിധേയമാക്കേണ്ടതുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. വയനാട് ജില്ലാ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തികള്‍ തമ്മില്‍ അകലം പാലിക്കേണ്ട സാഹചര്യമാണ് ഇപ്പോഴത്തേത്. അക്കാര്യത്തില്‍ ഓരോരുത്തരും പരമാവധി ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്. സന്നദ്ധസേവകരുടെ സഹായം ഈ ഘട്ടത്തില്‍ ഏറെ സഹായകരമാണെങ്കിലും ഓരോ സ്ഥലങ്ങളിലും എണ്ണം ക്രമപ്പെടുത്തേണ്ടതുണ്ട്. പല സ്ഥലങ്ങളിലും പത്തിലധികം പേര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പല ദിശകളിലൂടെ സന്നദ്ധ സേവനത്തിന് എത്തുന്ന വോളണ്ടിയര്‍മാര്‍ ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നുണ്ട്. ഈ സാഹചര്യം നിയന്ത്രണ വിധേയമാക്കുന്നത് സംന്ധിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

സൗജന്യ റേഷന്‍ വിതരണം തുടങ്ങുമ്പോള്‍ റേഷന്‍ കടകളില്‍ തിരക്ക് കൂടാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനായി റേഷന്‍ വിതരണത്തില്‍ ക്രമീകരണമുണ്ടാക്കുന്നതിന് മന്ത്രി നിര്‍ദ്ദേശിച്ചു. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് ചരക്ക് എടുക്കാന്‍ പോകുന്ന വാഹന െ്രെഡവര്‍മാരെ അകാരണമായി ബുദ്ധിമുട്ടിപ്പിക്കുന്നുണ്ടെന്ന കാര്യം ആര്‍.ടി.ഒ. യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ട്രാഫിക് തടസം സൃഷ്ടിക്കുന്നു എന്ന കാര്യം പറഞ്ഞാണ് അധികൃതര്‍ ഇവരെ വിഷമിപ്പിക്കുന്നത്.ഇക്കാര്യത്തില്‍ അവിടുത്തെ പൊലിസ് അധികാരികളുമായി ബന്ധപ്പെട്ട് പരിഹാരം കാണുമെന്ന് ജില്ലാ പൊലീസ് മേധാവി യോഗത്തെ അറിയിച്ചു. യോഗത്തില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ പൊലീസ് മേധാവി ആര്‍. ഇളങ്കോ, എ.ഡി.എം. തങ്കച്ചന്‍ ആന്റണി, സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ് പങ്കെടുത്തു. 

Similar News