കേരളത്തിന് നഷ്ടമാകുന്നത് ചക്ക മാത്രമല്ല, സമ്പത്തും വരുമാനവുമാണ്

Update: 2020-03-22 12:51 GMT

സലിം എരവത്തൂര്‍

മാള: ചക്കയെ വിവിധ തലത്തില്‍ പ്രയോജനപ്പെടുത്താനുള്ള പദ്ധതികള്‍ ഇന്നും കേരളത്തില്‍ യാഥാര്‍ത്ഥ്യമായിട്ടില്ല. സംസ്ഥാനത്ത് ഉണ്ടാകുന്ന ചക്കയില്‍ നാല്‍പത് ശതമാനവും തമിഴ്‌നാട് കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കപ്പെടുന്നു. എന്നാല്‍ ഇതില്‍ നിന്നും കര്‍ഷകര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ വരുമാനവും.

ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി രണ്ട് വര്‍ഷം മുന്‍പാണ് പ്രഖ്യാപിച്ചത്. 30 കോടി മുതല്‍ 60 കോടി വരെ ചക്ക ഒരു വര്‍ഷം കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്. വാണിജ്യപരമായി ഉപയോഗപ്പെടുത്തിയാല്‍ മുപ്പതിനായിരം കോടി രൂപ വരുമാനമുണ്ടാവും.

പക്ഷേ, പ്രതിവര്‍ഷം മുപ്പതു മുതല്‍ 60 കോടി വരെ ചക്ക ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കേരളത്തില്‍ അതിന്റെ 30 ശതമാനവും നശിച്ചു പോകും. 600 കോടി രൂപയുടെ നഷ്ടം. ചക്ക ഉണ്ടാവാത്ത അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം ഇവക്ക് പ്രിയമേറുന്ന കാലത്താണ് ഇത്.

മറ്റു സംസ്ഥാനങ്ങളില്‍ ഉളളതിനേക്കാള്‍ ഗുണമേന്‍മ കേരളത്തിലെ ചക്കയ്ക്കുണ്ട്. ഔദ്യോഗിക ഫലമായതിലൂടെ സംസ്ഥാനത്ത് പ്ലാവ് നടലും വര്‍ധിച്ചു. ചക്കയില്‍ നിന്ന് നിരവധി ഭക്ഷ്യവസ്തുക്കള്‍ നിര്‍മ്മിച്ചെടുക്കാം. ചക്ക ഹല്‍വ, ചക്ക ചമ്മന്തിപ്പൊടി, ചക്ക അച്ചപ്പം, ചക്ക പപ്പടം, ചക്ക കൊണ്ടാട്ടം, ചക്കമടല്‍ അച്ചാര്‍, സ്‌ക്വാഷ് എന്നിങ്ങനെ. കാല്‍സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം, കോപ്പര്‍, അയേണ്‍ തുടങ്ങിയ ധാതുക്കളാല്‍ സമ്പന്നമാണ് ചക്ക.

ഇതൊക്കെയാണെങ്കിലും അതിന്റെ ഗുണം പൂര്‍ണമായും ഇതുവരെ ഉപയോഗപ്പെടുത്താനായിട്ടില്ല. ഇതിനു വേണ്ടിയാണ് തൃശ്ശൂരിലെ മാളയ്ക്കടുത്ത് പൂപ്പത്തിയില്‍ ചക്ക സംസ്‌കരണ ഫാക്ടറി സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ ഫാക്ടറിയുടെ പ്രവര്‍ത്തനം വേണ്ട നിലയില്‍ വിപുലീകരിക്കാന്‍ സാധിച്ചിട്ടില്ല. ചക്കയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ ചില കുത്തക കമ്പനികളുടെ മാത്രം ഉത്പ്പന്നങ്ങളായി വിപണി കീഴടക്കിയിരിക്കുകയാണെന്നതാണ് ദുഃഖകരം.

ഇതില്‍ മാറ്റം വേണമെങ്കില്‍ ചെറുകിട സംരംഭകര്‍ക്ക് പരിശീലനവും സാങ്കേതികവിദ്യയും ധനസഹായവും വിപണന സൗകര്യങ്ങളും സര്‍ക്കാര്‍ തലത്തില്‍ ഒരുക്കി നല്‍കണം.




Similar News