ശാഹീന്‍ബാഗ് പ്രതിഷേധം സമാധാനപരമെന്ന് സുപ്രിം കോടതിയില്‍ മാധ്യസ്ഥ ചര്‍ച്ചയ്ക്ക് നിയോഗിക്കപ്പെട്ട വജഹത് ഹബീബുല്ലയുടെ സത്യവാങ്മൂലം

സത്യവാങ്മൂലം പോലിസിന്റെ പല അവകാശവാദങ്ങളും തള്ളുന്നതാണെന്നാണ് സൂചന.

Update: 2020-02-23 09:32 GMT

ന്യൂഡല്‍ഹി: ശാഹീന്‍ബാഗ് പ്രതിഷേധം സമാധാനപരമെന്ന് മാധ്യസ്ഥ ചര്‍ച്ചയ്ക്ക് നിയോഗിക്കപ്പെട്ട മുന്‍ വിവരാവകാശ കമ്മീഷണര്‍ വജഹത് ഹബീബുല്ല സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ശാഹീന്‍ബാഗ് പ്രക്ഷോഭകരുമായി മാധ്യസ്ഥ ചര്‍ച്ച നടത്താന്‍ സുപ്രിം കോടതി നിയോഗിച്ച മൂന്നംഗ സംഘത്തില്‍ അംഗമാണ് ഹബീബുല്ല. 

പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടക്കുന്ന സമരം സമാധാനപരമാണെന്നും പക്ഷേ, പോലിസ് ശഹീന്‍ബാദിനു ചുറ്റും അഞ്ചിടങ്ങളില്‍ പ്രവേശനം തടഞ്ഞിരിക്കുകയാണെന്നും സത്യവാങ് മൂലത്തില്‍ പറയുന്നു. ശാഹീന്‍ ബാഗില്‍ വലിയൊരു ജനക്കൂട്ടം തമ്പടിച്ചിട്ടുണ്ടെന്നും അവരില്‍ കൂടുതലും സ്ത്രീകളാണെന്നും സൂചിപ്പിക്കുന്ന സത്യവാങ്മൂലം പോലിസിന്റെ പല അവകാശവാദങ്ങളും തള്ളുന്നതാണെന്നാണ് സൂചന.

പൗരത്വഭേദഗതി നിയമത്തിനെതിരേ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ ശാഹീന്‍ബാഗില്‍ പ്രതിഷേധ ധര്‍ണ ആരംഭിച്ചത്. പ്രതിഷേധങ്ങള്‍ നോയ്ഡ-കളിന്ദികുഞ്ച് റോഡില്‍ തടസ്സമുണ്ടാക്കിയിരിക്കുന്നുവെന്നാണ് ഡല്‍ഹി പോലിസ് വാദിക്കുന്നത്. പോലിസിന്റെ ഒഴിപ്പിക്കല്‍ ശ്രങ്ങള്‍ വിവാദമായതിനെ തുടര്‍ന്നാണ് പ്രക്ഷോഭകരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ സുപ്രിം കോടതി മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, സാധനാ രാമചന്ദ്രന്‍ എന്നിവരെയും മുന്‍ വിവരാവകാശ കമ്മിഷണര്‍ വജഹത് ഹബീബുല്ലയെയും നിയോഗിച്ചത്.

കേസില്‍ അടുത്ത തിങ്കളാഴ്ച സുപ്രിം കോടതി വാദം കേള്‍ക്കും. 

Similar News