പൗരത്വ പ്രതിഷേധം: ഇന്ത്യയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനൊരുങ്ങി ഐഎംഎഫ്

Update: 2020-01-21 03:38 GMT

ദാവോസ്: ഇന്ത്യയിലെ പൗരത്വ പ്രക്ഷോഭങ്ങളെ ഐഎംഎഫ് ഗൗരവമായി പരിശോധിക്കാനൊരുങ്ങുന്നു. അടുത്ത ഏപ്രിലില്‍ നടക്കുന്ന വിലയിരുത്തല്‍ യോഗത്തിലാണ് ഇന്ത്യയിലെ സ്ഥിതിഗതികള്‍ വിശകലനംചെയ്യുകയെന്ന് ഐഎംഎഫിന്റെ ചീഫ് ഇക്കണോമിക്‌സ് ഗീത ഗോപിനാഥ് പറഞ്ഞു. സ്വിറ്റ്‌സര്‍ലന്റിലെ ദാവോസില്‍ 'വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക്' പ്രകാശന ചടങ്ങിനിടയില്‍ എന്‍ഡിടിവിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഗീത ഗോപിനാഥ് ഇക്കാര്യം പറഞ്ഞത്. ലോകത്ത് പല രാജ്യങ്ങളിലും അസ്വസ്ഥതകള്‍ വളര്‍ന്നുവരികയാണ്. നിലനില്‍ക്കുന്ന അധികാരസ്ഥാപനങ്ങളോട് ജനങ്ങള്‍ക്ക് അവിശ്വാസം വര്‍ധിക്കുകയാണ്. പല സര്‍ക്കാരുകളുടെയും പ്രാതിനിധ്യസ്വഭാവത്തിനും കുറവ് വന്നകൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ഇത് ഇന്ത്യയെ കുറിച്ചാണോ എന്നുള്ള ചോദ്യത്തിന് അവര്‍ ചിലിയുടെയും ഹോങ്കോങിന്റെയും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ കാര്യം അടുത്ത ഏപ്രിലില്‍ നടക്കുന്ന വിശകലന യോഗത്തിലാണ് തീരുമാനിക്കുകയെന്നും അവര്‍ സൂചിപ്പിച്ചു.

ഹോങ്കോങിലെ സ്ഥിതിഗതികള്‍ ചൂണ്ടിക്കാട്ടിയ ഗീത ലോകത്ത് സാമൂഹികമായ കെട്ടുപാടുകള്‍ വളരെ പ്രധാനമാണെന്ന് അഭിപ്രായപ്പെട്ടു. ഓരോ രാഷ്ട്രവും അവിടത്തെ പിന്നണിയില്‍ കിടക്കുന്ന വിഭാഗങ്ങളെ സംരക്ഷിക്കണം. വളര്‍ച്ചയുടെ കഥകളുടെ കാര്യത്തിലും അവര്‍ പിന്നിലല്ല- അവര്‍ പറഞ്ഞു.

ഐഎംഎഫ് പോലുള്ള ഫണ്ടിങ് ഏജന്‍സികള്‍ രാജ്യങ്ങളുടെ നിലനില്‍പും സ്ഥിരതയും ഏറ്റവും ഗൗരവത്തോടെയാണ് കാണുന്നത്. കാരണം കടം തിരിച്ചടവില്‍ സുപ്രധാനമായ ഘടകം ഭരണകൂടങ്ങളുടെ സ്ഥിരതയും ജനങ്ങള്‍ ഒരു അധികാരസ്ഥാപനമെന്ന നിലയില്‍ നിലനില്‍ക്കുന്ന സര്‍ക്കാരിനെ അംഗീകരിക്കുകയും ചെയ്യുമോ എന്നതാണ്.

പൗരത്വത്തിന് മതം ഘടകമായി പൗരത്വ ഭേദഗതി നിയമം പാസായശേഷം രാജ്യത്താകമാനം പ്രക്ഷോഭങ്ങള്‍ രൂക്ഷമാണ്. അസമിലും മണിപ്പൂരിലും പ്രതിസന്ധിയില്‍ അല്പം ഇളവുവന്നെങ്കിലും മറ്റിടങ്ങളില്‍ വ്യത്യാസപ്പെട്ടിട്ടില്ല. പ്രക്ഷോഭങ്ങളില്‍ ഇതുവരെ 25 ഓളം പേര്‍ കൊല്ലപ്പെട്ടുകഴിഞ്ഞു. സര്‍ക്കാരിന് അനുകൂല നിലപാട് എടുത്തിരുന്ന പാര്‍ട്ടികള്‍ പോലും പിന്തുണ പിന്‍വലിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഐഎംഎഫ് ഇന്ത്യയിലെ പ്രക്ഷോഭങ്ങളെ വിലയിരുത്തുന്നത്. 

Tags:    

Similar News