'അന്തസ്സുറ്റ പരിചരണം വീടുകളില്‍ തന്നെ' എന്ന സന്ദേശവുമായി മലപ്പുറത്ത്‌ പാലിയേറ്റീവ് കെയര്‍ ദിനം ആചരിച്ചു

മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടാവുന്നതിനൊപ്പം രോഗ പ്രതിരോധത്തിനും ജനകീയ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ കാര്യക്ഷമമാവണമെന്ന് പി. ഉബൈദുള്ള എം.എല്‍.എ

Update: 2020-01-15 13:03 GMT

മലപ്പുറം: അന്തസ്സുറ്റ പരിചരണം വീടുകളില്‍ തന്നെ' എന്ന സന്ദേശവുമായി പാലിയേറ്റീവ് കെയര്‍ ദിനം ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആചരിച്ചു. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. ആരോഗ്യ പരിചരണ രംഗത്ത് ശ്രദ്ധേയമായ മാതൃകയാണ് ജില്ല മുന്നോട്ട് വയ്ക്കുന്നത്. മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടാവുന്നതിനൊപ്പം രോഗ പ്രതിരോധത്തിനും ജനകീയ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ കാര്യക്ഷമമാവണമെന്ന് എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.

ദിനാചരണത്തിന്റെ ഭാഗമായി ആശപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, നാട്ടുകാര്‍ എന്നിവരെ പങ്കെടുപ്പിച്ചു റാലി സംഘടിപ്പിച്ചു. മലപ്പുറം താലൂക്കാശുപത്രിയില്‍ നിന്നാരംഭിച്ച റാലി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഫഌഗ് ഓഫ് ചെയ്തു. 'പാലിയേറ്റീവ് കെയര്‍ രോഗികളുടെ പുനരധിവാസം' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറില്‍ ഡോ. രാജഗോപാല്‍, ഡോ ഷാജി എന്നിവര്‍ ക്ലാസെടുത്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടാന്‍, ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ വി.സുധാകരന്‍, സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ഹജറുമ്മ ടീച്ചര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന, എന്‍.എച്ച്. എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ. ഷിബുലാല്‍, ഡെപ്യൂട്ടി ഡി. എം.ഒ കെ.പി അഹമ്മദ് അഫ്‌സല്‍, പാലിയേറ്റീവ് കെയര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.ഫൈസല്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ടി.എം. ഗോപാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

1993ല്‍ ജില്ലയില്‍ തുടക്കമിട്ട പാലിയേറ്റീവ് കെയര്‍ സംവിധാനം സംസ്ഥാന വ്യാപകമായി രോഗി പരിചരണ രംഗത്ത് ശ്രദ്ധേയമാവുകയാണ്. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബോധവത്ക്കരണ പരിപാടികളും വിഭവ സമാഹരണവും നടന്നു. 

Tags:    

Similar News