ജെഎന്‍യുവില്‍ അക്രമം വച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്ര മാനവ വികസന വകുപ്പ് മന്ത്രി

ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനും മറ്റ് എട്ട് പേര്‍ക്കുമെതിരേ കേസെടുത്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് മാനവവികസന വകുപ്പ് മന്ത്രാലയം കടുത്ത നിലപാടുമായി രംഗത്തുവരുന്നത്.

Update: 2020-01-10 15:48 GMT

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ യാതൊരു വിധ അക്രമവും വച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്ര മാനവവികസനവകുപ്പ് മന്ത്രി രമേഷ് പൊക്രിയല്‍ നിഷാങ്ക്. കാമ്പസിനകത്ത് ഒരു അരാജകത്വവും അക്രമവും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനും മറ്റ് എട്ട് പേര്‍ക്കുമെതിരേ കേസെടുത്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് മാനവവികസന വകുപ്പ് മന്ത്രാലയം കടുത്ത നിലപാടുമായി രംഗത്തുവരുന്നത്.

ജനുവരി 5 ലെ സംഘര്‍ഷത്തില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി സംഘടനകള്‍ പങ്ക് വഹിച്ചത് നിര്‍ഭാഗ്യകരമെന്നും മന്ത്രി പറഞ്ഞു.

ഡല്‍ഹി പോലിസ് പുറത്തുകൊണ്ടുവന്നതുപോലെ കാമ്പസിലെ അക്രമങ്ങളില്‍ പങ്കുവഹിക്കുന്നത് നിര്‍ഭാഗ്യകരമാണ്. അത്തരം അതിക്രമങ്ങളും അരാജകത്വവും വച്ചുപൊറുപ്പിക്കാനാവില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അക്കാദമിക അന്തരീക്ഷം നിലനിര്‍ത്തണം- മന്ത്രി പറഞ്ഞു.

അതിനിടയില്‍ എബിവിപിയെയും ബിജെപിയെയും മാധ്യമങ്ങളും ഇടത് സംഘടനകളും അന്യായമായി കുറ്റപ്പെടുത്തുകയായിരുന്നുവെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജവദേകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഡല്‍ഹി പോലിസ് വിവരങ്ങള്‍ പുറത്തുവിട്ടതോടെ എബിവിപിക്കെതിരേയുള്ള ദുഷ്പ്രചരണങ്ങള്‍ക്ക് അറുതിയായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ച് ദിവസമായി ബോധപൂര്‍വമായ ദുഷ്പ്രചരണങ്ങളാണ് രാജ്യത്ത് അരങ്ങേറിയത്. ഇടത് പാര്‍ട്ടികളാണ് ജെഎന്‍യുവില്‍ സംഘര്‍ഷം അഴിച്ചുവിട്ടത്. അത് പുറത്തുവരാതിരിക്കാനായി അവര്‍ സിസിടിവിയും സെര്‍വറും തകരാറിലാക്കി മന്ത്രി കുറ്റപ്പെടുത്തി.

ജെഎന്‍യുവില്‍ നടക്കുന്ന ഇടത് ഗൂഢാലോചനയാണെന്ന് മുന്‍ മാനവിക വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും അഭിപ്രായപ്പെട്ടിരുന്നു. 

Tags: