പൗരത്വഭേദഗതി ബില്ല്; രാജ്യം കത്തുന്നു, അസമിലും ത്രിപുരയിലും സൈന്യത്തെ വിന്യസിച്ചു

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവടങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനുള്ള നീക്കത്തിനെതിരേ ആദ്യം മുതലേ പ്രക്ഷോഭം നടന്ന പ്രദേശങ്ങളാണ് ത്രിപുരയും അസമും.

Update: 2019-12-11 09:31 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ചുള്ള ചര്‍ച്ച രാജ്യസഭയില്‍ പുരോഗമിക്കുന്നതിനിടയില്‍ അസമിലും ത്രിപുരയിലും പ്രതിഷേധം ശക്തമായി. പ്രക്ഷോഭരെ അടിച്ചമര്‍ത്താനും നിയന്ത്രിക്കാനും രണ്ട് സംസ്ഥാനങ്ങളിലും സൈന്യത്തെ നിയോഗിച്ചു. രണ്ട് കോളം സൈന്യത്തെയാണ് പ്രക്ഷോഭബാധിത പ്രദേശങ്ങളില്‍ നിയോഗിച്ചിട്ടുള്ളത്. സൈന്യത്തിന്റെ ഒരു കോളത്തില്‍ 70 ജവാന്മാരും രണ്ടോ മൂന്നോ ഓഫിസര്‍മാരോ ആണ് ഉണ്ടാവുക.

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവടങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനുള്ള നീക്കത്തിനെതിരേ ആദ്യം മുതലേ പ്രക്ഷോഭം നടന്ന പ്രദേശങ്ങളാണ് ത്രിപുരയും അസമും.

പ്രക്ഷോഭം അനിയന്ത്രിതമായതോടെ അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. പ്രക്ഷോഭത്തോടനുബന്ധിച്ചുണ്ടായ ട്രാഫിക് ബ്ലോക്കില്‍ പെട്ട് രണ്ട് മാസം പ്രായമുള്ള ഒരു കുട്ടി മരണപ്പെട്ടതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും സ്വാധീനമുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭങ്ങള്‍ നടക്കുന്നത്. നിയമം നടപ്പാവുന്നതോടെ സംസ്ഥാനത്തിന്റെ വംശീയ സ്വഭാവത്തിന് മാറ്റം വരുമെന്ന് പ്രക്ഷോഭകര്‍ ആരോപിക്കുന്നു. ബില്ല് നിയമമാവുന്നതോടെ ബംഗ്ലാദേശില്‍ നിന്ന് വലിയ തോതിലുള്ള കുടിയേറ്റമുണ്ടാകുമെന്നും അവര്‍ പറയുന്നു.

ത്രിപുരയ്ക്കു പുറമെ അസമിലും പ്രക്ഷോഭം ശക്തമാണ്. പ്രക്ഷോഭകര്‍ വ്യാപകമായി ടയര്‍ കൂട്ടിയിട്ടു കത്തിച്ചും മറ്റും റോഡ് ഗതാഗതം തടസ്സപ്പെടുത്തി. നിരവധി ട്രയിനുകള്‍ ഗതാഗതം നിര്‍ത്തിവച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റിനരികില്‍ വച്ച് പ്രക്ഷോഭകരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടി.

അരുണാചല്‍ പ്രദേശില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടു. ബാങ്ക്, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവ അടഞ്ഞുകിടക്കുകയാണ്.

എഴ് മണിക്കൂര്‍ ചര്‍ച്ചയ്ക്കു ശേഷം കഴിഞ്ഞ ആഴ്ച പൗരത്വ ഭേദഗതി ബില്ല് ലോക്‌സഭ പാസ്സാക്കിയിരുന്നു.

1955 ലെ പൗരത്വ ബില്ലില്‍ ഭേദഗതി നിര്‍ദേശിക്കുന്ന പുതിയ ബില്ല് മുസ്ലിം ഇതര അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വ നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. അയല്‍സംസ്ഥാനങ്ങളായ ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിക്ക്, ജൈന, പാര്‍സി കുടിയേറ്റക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പതിനൊന്ന് വര്‍ഷം ഇന്ത്യയില്‍ തുടര്‍ച്ചായി താമസിക്കണമെന്ന മാനദണ്ഡം പുതിയ ബില്ലില്‍ ആറു വര്‍ഷമായി ചുരിക്കിയിട്ടുണ്ട്. 2014 ഡിസംബര്‍ 31 ആണ് കട്ടോഫ് ഡെയ്റ്റായി തീരുമാനിച്ചിട്ടുള്ളത്.